August 12, 2026

പുത്തുമലക്കാര്‍ക്ക് വീടൊരുക്കി കുടുംബശ്രീ

0
IMG-20190904-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പ്രളയം തകര്‍ത്തെറിഞ്ഞ പുത്തുമലയിലെ എസ്റ്റേറ്റ് പാടികള്‍ വാസയോഗ്യമാക്കി കുടുംബശ്രീയും ഹാരിസണ്‍ കമ്പനിയും. മഴവെള്ളപ്പാച്ചിലില്‍ ഹാരിസണ്‍ കമ്പനിയുടെ തോട്ടത്തിലെ പാടികള്‍ തകര്‍ന്ന് പോയിരുന്നു. നിരവധിയാളുകളുടെ കിടപ്പാടം നഷ്ടമായതിനെ തുടര്‍ന്ന് നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന പാടികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കുന്നതിന് തീരുമാനിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി പ്രവൃത്തി പൂര്‍ത്തീകരിച്ച് നല്‍കുന്നതിന് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെടുകയായിരുന്നു.  22 പാടികളാണ് കമ്പനി മാനേജ്മെന്‍റ് പണി പൂര്‍ത്തിയാക്കി നല്‍കുന്നതിന് കുടുംബശ്രീ  കണ്‍സ്ട്രക്ഷന്‍ ടീമിനെ ഏല്‍പ്പിച്ചത്. 
സമഗ്ര പരിശീലനം ലഭിച്ച 20 അംഗങ്ങളെയാണ് പുത്തുമലയില്‍ പണി പൂര്‍ത്തീകരിക്കുന്നതിനായി ജില്ലാ മിഷന്‍ നിയോഗിച്ചത്. കരിങ്കല്ല് കൊണ്ട് കെട്ടിയുണ്ടാക്കിയ മുറികള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇവ പൊളിച്ച് കളഞ്ഞ് ഹോളോബ്രിക്സ് ഉപയോഗിച്ച് പുതിയ മുറികള്‍ പണിയുക എന്ന ശ്രമകരമായ ജോലിയായിരുന്നു ചെയ്ത് തീര്‍ക്കേണ്ടത്. കൂടാതെ ഗതാഗത സൗകര്യങ്ങളുടെ അഭാവവും അസംസ്കൃത വസ്തുക്കളെത്തിക്കുനനതിനുള്ള ബുദ്ധിമുട്ടും കാലാവസ്ഥയുനെല്ലാം പ്രതികൂലമായെങ്കിലും നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തന്നെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. 16 പേര്‍ നിര്‍മ്മാണ ജോലികളിലും 4 പേര്‍ വൈദ്യുതീകരണ പ്രവര്‍ത്തികളുമാണ് ചെയ്തത്.
കെട്ടിട നിര്‍മ്മാണ രംഗത്തെ വിദഗ്ധ തൊഴിലാളികളുടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ മേഖലയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിച്ചത്. ആദ്യ ഘട്ടത്തില്‍ 9 പേര്‍ക്ക് എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പഠനകേന്ദ്രത്തില്‍വെച്ച് കെട്ടിട നിര്‍മ്മാണ രംഗത്ത് പരിശീലനം നല്‍കി. 
കണിയാമ്പറ്റ, പനമരം ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ 2 ഗ്രൂപ്പുകളായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്തു. പനമരം ഗ്രാമപ്പഞ്ചായത്തിന്‍റെ ആശ്രയ വീടുകളുടെ അറ്റകുറ്റപ്പണി, മാനവസേവ ചാരിറ്റബിള്‍ സൊസൈറ്റി പൊഴുതനയില്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍, ലൈഫ് മിഷന്‍റെ ഭാഗമായുള്ള വീടുകള്‍ എന്നിവയുടെ പ്രവൃത്തി ഏറ്റെടുത്തു വരികയാണ് കുടുംബശ്രീ നിര്‍മ്മാണ യൂണിറ്റ്
പട്ടികവര്‍ഗ്ഗ വികസന വകുപ്പും കുടുംബശ്രീയുമായി ചേര്‍ന്ന് എല്ലാ പഞ്ചായത്തുകളിലും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഒരു ഗ്രൂപ്പ് ആരംഭിക്കുന്നതിനായി 30 പേര്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കി. മുട്ടില്‍ ഗ്രാമ പഞ്ചായത്തിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഒരു വീട് നിര്‍മ്മിച്ച് കൊണ്ടാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. 53 ദിവസത്തെ പരിശീലനമാണ് ആദ്യ ബാച്ചിന് നല്‍കിയത്. 
നിലവില്‍ 17 കെട്ടിട നിര്‍മ്മാണ യൂണിറ്റുകളാണ് ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. പനമരം സ്കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണം, കേരള ചിക്കന്‍ മോഡല്‍ ഫാം നിര്‍മ്മാണം എന്നീ പ്രവത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നത് കുടുംബശ്രീ കെട്ടിട നിര്‍മ്മാണ യുണിറ്റുകളാണ്.
കേവലം നിര്‍മ്മാണ തൊഴിലിനപ്പുറം സഹജീവി സ്നേഹവും സാമൂഹ്യ ഉത്തരവാദിത്തവുമാണ് പുത്തുമലയിലെ പുനരധിവാസത്തിനായി പ്രതിസന്ധികള്‍ക്കിടയിലും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രേരണയായതെന്ന് ടീം അംഗങ്ങള്‍ അഭിപ്രായപ്പെടുന്നു. പ്രളയകാലത്ത് തങ്ങളാല്‍ കഴിയുന്ന സേവനം നാടിന് നല്‍കിയതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. കൃത്യമായി പണി പൂര്‍ത്തിയാക്കിയ ടീമംഗങ്ങള്‍ക്ക് കമ്പനി മാനേജ്മെന്‍റും തൊഴിലാളികളും നന്ദി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *