March 19, 2024

ദേശീയപാതയിലെ ഗതാഗത നിരോധനം: സുപ്രീം കോടതിയിലെ കേസിൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് നിർണ്ണായകമാകും

0
Img 20190913 Wa0175.jpg
.

കല്‍പ്പറ്റ:കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766ല്‍ കര്‍ണാടകയിലെ ബന്ദിപ്പുര വനഭാഗത്തു 2009 മുതല്‍ തുടരുന്ന രാത്രിയാത്ര വിലക്ക് നീക്കുന്നതിനും പകലും യാത്ര തടഞ്ഞു പാത പൂര്‍ണ്ണമായി അടച്ചിടാനുള്ള നീക്കം ചെറുക്കുന്നതിനും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും ബത്തേരി കേന്ദ്രമായി നടത്തുന്ന സമരങ്ങള്‍ വൃഥാവിലാകുന്നു. . രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ടു സൂപ്രീം കോടതിയിലുള്ള കേസിനെ സമരങ്ങള്‍ ഒരുതരത്തിലും സ്വാധീനിക്കില്ലെന്നു നിയമരംഗത്തുള്ളവര്‍ പറയുന്നു. ദേശീയപാത വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 
രാത്രിയാത്ര നിരോധനക്കേസ് ഓഗസ്റ്റ് ഏഴിനു പരിഗണിച്ച കോടതി നിരോധനം നീക്കല്‍, മേല്‍പ്പാല നിര്‍മാണം, കോണ്‍വോയ് അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടല്‍ എന്നീ ആവശ്യങ്ങള്‍ അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കുകയുണ്ടായി. ഹുന്‍സൂര്‍-ഗോണിക്കുപ്പ-കുട്ട-മാനന്തവാടി  ബദല്‍ റോഡ് ദേശീയപാതയായി വികസിപ്പിക്കുന്നതിന്റെ  സാധ്യതകള്‍ സംബന്ധിച്ചു  നാല് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിനു നിര്‍ദേശവും നല്‍കി. കേസ് സെപ്റ്റംബര്‍ ഏഴിനു പരിഗണിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു  മന്ത്രാലയത്തിനു നാലാഴ്ചത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. 

ദേശീയപാത പകല്‍ അടയ്ക്കുന്നതില്‍ പരിസ്ഥിതി സംഘടനകള്‍ക്കു വിയോജിപ്പ്:

     ബദല്‍പാത ദേശീയപാതയായി വികസിപ്പിച്ച് ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള ദേശീയപാത അടച്ചിടണമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം  കോടതിയില്‍ സത്യവാങ്മൂലം നല്‍കുമോ എന്നതാണ് ഇപ്പോള്‍ നിര്‍ണായകമാകുന്നത്. ദേശീയപാത പൂര്‍ണമായും അടയ്ക്കുന്നതും ബദല്‍പാത ദേശീയപാതയായി വികസിപ്പിക്കുന്നതും സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ  ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെയും കേരളത്തിലെയും  പ്രധാന പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയതായാണ് വിവരം. ദേശീയപാത വിഷയത്തില്‍ അഭിപ്രായ രൂപീകരണത്തിനു അടുത്തയാഴ്ച മൈസുരുവില്‍ യോഗം ചേരാന്‍ പരിസ്ഥിതി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിയിലെ കേസില്‍ കക്ഷിയായ വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെ പരിസ്ഥിതി സംഘടനകള്‍ക്കു ദേശീയപാത പൂര്‍ണമായും അടയ്ക്കുന്നതിനോടു യോജിപ്പിപ്പില്ല. ദേശീയപാതയിലൂടെയുള്ള യാത്ര ഇപ്പോഴുള്ളതുപോലെ തുടരണമെന്നാണ് സമിതി ഭാരവാഹികളുടെ അഭിപ്രായം. ബദല്‍പാത ദേശീയപാതയായി വികസിപ്പിച്ചാല്‍  നിലവിലെ ദേശീയപാത 140 കിലോമീറ്റര്‍  ദൂരത്തില്‍ ഇല്ലാതാവും. ഇത് ദേശീയപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന  പ്രദേശങ്ങളിലെ സാമ്പത്തിക വാണിജ്യ-പ്രവര്‍ത്തനങ്ങളെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ഗൗരവമായി ബാധിക്കും. എന്‍.എച്ച്. 766  പൂര്‍ണമായി അടയ്ക്കുന്നത് ബത്തേരി, ഗുണ്ടല്‍പേട്ട  നഗരങ്ങളെയാണ് കൂടുതല്‍ തളര്‍ത്തുക. 
ബദല്‍ പാത ദേശീയ പാതയായി വികസിപ്പിക്കുന്നതിനെതിരെ കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയും രംഗത്തു വന്നിട്ടുണ്ട്. ബദല്‍ പാതയില്‍ കൂര്‍ഗിലൂടെയുള്ള ഭാഗം ദേശീയപാതയായി വികസിപ്പിക്കണമെങ്കില്‍ നിരവധി മരങ്ങള്‍ വെട്ടിനീക്കണം. അര്‍ധ നിത്യഹരിത വനമായി കണക്കാക്കുന്ന ഏക്കര്‍ കണക്കിനു കാപ്പിത്തോട്ടവും ഇല്ലാതാകും. ഇത് പരിസ്ഥിതി സന്തുലനത്തെ ബാധിക്കുമെന്നാണ്  കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയുടെ വിലയിരുത്തല്‍. 

     ദേശീയപാത 766 പൂര്‍ണമായി അടച്ചേക്കുമെന്ന സന്ദേഹത്തിന്റെ പശ്ചാത്തലത്തില്‍ ബത്തേരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സമരങ്ങളാണ് നടന്നത്. ദേശീയപാത  ഗതാഗത സംരക്ഷണ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ചിനു ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഉപവാസം നടന്നു. എല്ലാ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍ ഉപവാസത്തില്‍ പങ്കെടുത്തു. പിറ്റേന്നു ഇതേ സ്ഥലത്തു ഡിവൈഎഫ്‌ഐ നൈറ്റ് അസംബ്ലി നടത്തി. രാത്രിയാത്ര നിരോധനം വന്നതിനുശേഷം ആദ്യമായി കര്‍ണടാകയിലെ ഗുണ്ടല്‍പേട്ടയിലും വിവിധ പാര്‍ട്ടികളുടെ സംയുക്താഭിമുഖ്യത്തില്‍ സമരം നടന്നു. വയനാട് കാര്‍ഷിക പുരോഗമന സമിതി 16നു കല്‍പ്പറ്റയിലും ബത്തേരിയിലും സായാഹ്‌ന ധര്‍ണ തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം വൃഥാവ്യായാമമാണെന്നാണ് നിയമരംഗത്തുള്ളവരുടെ അഭിപ്രായം. 
കര്‍മ സമിതി സംഘടിപ്പിച്ച ഉപവാസം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസാണ്  ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചതനുസരിച്ച് അദ്ദേഹം ഉള്‍പ്പെടുന്ന ബിജെപി നേതാക്കളുടെ സംഘം പിറ്റേന്നു ഡല്‍ഹിയിലെത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കു നിവേദനം നല്‍കുയുണ്ടായി. രാത്രിയാത്ര നിരോധനം മൂലം ജനം അനുഭവിക്കുന്ന പ്രയാസങ്ങളും പാത പൂര്‍ണമായി അടച്ചിട്ടാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും കേന്ദ്ര മന്ത്രിയെ ബോധ്യപ്പെടുത്തിയെന്നാണ് നിവേദനം നല്‍കിയതിനുശേഷം കൃഷ്ണദാസ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ കേന്ദ്ര മന്ത്രിയുടേതായി പ്രസ്താവനകള്‍ ഉണ്ടായില്ല. നിവേദനം വനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കുന്ന സത്യവാങ്മൂലത്തെ സ്വാധീനിക്കുമോ എന്നതില്‍ വ്യക്തതയില്ല. 

വിദഗ്ധസമിതിക്കു ഏകകണ്‌ഠ്യേന തീരുമാനമെടുക്കാനായില്ല .
         രാത്രിയാത്ര  വിഷയത്തില്‍ കേരള, കര്‍ണാട സംസ്ഥാനങ്ങള്‍ക്കു സ്വീകാര്യമായ നിര്‍ദേശം സമര്‍പ്പിക്കുന്നതിനു കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ സെക്രട്ടറി ചെയര്‍മാനായി  വിദഗ്ധ സമിതിയെ സുപ്രീം കോടതി 2018 ജനുവരി ഒന്നിനു  നിയോഗിച്ചിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറി, കേരള, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍ എന്നിവരും ഉള്‍പ്പെടുന്നതായിരുന്നു സമിതി.
ഗതാഗത നിയന്ത്രണ വിഷയത്തില്‍ സമിതിക്കു ഏകകണ്‌ഠ്യേന തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നു സമിതി ചെയര്‍മാന്‍ 2018 സെപ്റ്റംബര്‍ 19നു റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ്, വനം പരിസ്ഥിതി   മന്ത്രാലയങ്ങളുടെയും കര്‍ണാടക സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ വെവ്വേറെ സമര്‍പ്പിക്കുകയാണ് ഉണ്ടായത്. ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ ഒരു കിലോമീറ്റര്‍ ഇടവിട്ട് അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചു ഗതാഗത നിയന്ത്രണം മറികടക്കണമെന്നായിരുന്നു റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതിനെ വനം പരിസ്ഥിതി മന്ത്രാലയവും കര്‍ണാടക സര്‍ക്കാരും എതിര്‍ത്തു. 
         രാത്രിയാത്ര വിലക്ക് തുടരണമെന്നു സെക്രട്ടറിതല കമ്മിറ്റി

         അറ്റോര്‍ണി ജനറലിന്റെ ശിപാര്‍ശ കണക്കിലെടുത്ത് സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചു രൂപീകരിച്ച സെക്രട്ടറിതല  കമ്മിറ്റി  രാത്രിയാത്ര നിരോധനം തുടരണമെന്ന നിലപാടാണ് സ്വീകരിച്ചത്.   രാത്രിയാത്രാനിരോധനവുമായി യാത്രക്കാരും വന്യജീവികളും പൊരുത്തപ്പെട്ടതായും  ബദല്‍ സംവിധാനങ്ങള്‍ തൃപ്തികരമാണെന്നുമായിരുന്നു  സെക്രട്ടറിതല കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു കമ്മിറ്റി   റിപ്പോര്‍ട്ട് തയാറാക്കിയത്.വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്കു പുറമേ റോഡ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി എഐജി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 
ദേശീയപാതയില്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ രാത്രി ഗതാഗതം നിയന്ത്രിച്ച്  2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവായത്. ബന്ദിപ്പുര വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് 2010 മാര്‍ച്ച് 13-ന് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ കേരള സര്‍ക്കാര്‍  സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയിലുള്ളത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *