കാട്ടാനശല്യം: പ്രതിഷേധമായി ചുണ്ടേല്‍ ടൗണില്‍ 22 ന് മനുഷ്യ പ്രതിരോധവേലി.
കല്‍പ്പറ്റ: വൈത്തിരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതില്‍ പ്രതിഷേധിച്ച് ചുണ്ടേല്‍ ടൗണില്‍ 22 ന് മനുഷ്യ പ്രതിരോധവേലി തീര്‍ക്കുമെന്ന് പ്രക്ഷോഭസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചുണ്ടേല്‍, ചേലോട്, കുന്നത്തുവയല്‍, പൊഴുതന, ലക്കിടി, മുള്ളന്‍പാറ, പൊഴുതന പഞ്ചായത്തിലെ അമ്മാറ തുടങ്ങിയ പ്രദേശങ്ങളില്‍ രാവും പകലുമില്ലാതെ കാട്ടാന കൃഷിയിടങ്ങളില്‍ വിഹരിക്കുകയാണ്. നാട്ടിലിറങ്ങി വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും തൊഴിലിടങ്ങളിലേക്ക് പോകുന്നതിനും സാധിക്കുന്നില്ല. മദ്രസയിലേക്ക് വരുന്ന കുട്ടികള്‍ക്കും ആദിവാസി കോളനികളിലുള്ള കുട്ടികള്‍ക്കും പല ദിവസങ്ങളിലും സ്കൂളുകളില്‍ പോകുന്നതിനും കഴിയുന്നില്ല. നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകാത്തതിനാലാണ് പ്രതിഷേധവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയത്. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിനും മറ്റ് പ്രയാസങ്ങള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. മനുഷ്യപ്രതിരോധവേലി വൈത്തിരി പഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ഒ. ദേവസി, റോബിന്‍സണ്‍ ആന്‍റണി, കെ.എം.എ. സലീം, വിത്സണ്‍ ചാലിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
ഉടുപ്പി ബ്രാഹ്മണസഭ വാര്‍ഷിക പൊതുയോഗം നാളെ
കല്‍പ്പറ്റ: ഉടുപ്പി ബ്രാഹ്മണസഭ വയനാട് യൂണിറ്റ് വാര്‍ഷികപൊതുയോഗം നാളെ രാവിലെ 11.30 ന് കല്‍പ്പറ്റ മകരജ്യോതി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം ഉഷാതമ്പി മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ യോഗത്തില്‍ വിതരണം ചെയ്യും. ആരോഗ്യമേഖലയില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായധനം നല്‍കും. തുളുഭാഷ സംസാരിക്കുന്ന ഉടുപ്പി ബ്രാഹ്മണ സമൂഹത്തെ ഭാഷ ന്യൂനപക്ഷമായി അംഗീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഉടുപ്പി ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്‍റ് ലക്ഷമിനാരായണന്‍, സെക്രട്ടറി എസ്.ആര്‍. ശ്രീനിവാസന്‍, ടി. കൃഷ്ണരാജ്, കെ.എ. മുരളീധരന്‍ എന്നിവര്‍ സംബന്ധിച്ചു.





Leave a Reply