നല്ല ആരോഗ്യം : മീനങ്ങാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സൈക്കിള്‍ റാലി 10 -ന്
കല്‍പ്പറ്റ: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെയും ഭാഗമായി വയനാട്ടില്‍ നല്ല ഭക്ഷണം, നല്ല ആരോഗ്യം എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യവകുപ്പ്, വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സൈക്കിള്‍ റാലി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 10ന് രാവിലെ 8.30ന് മീനങ്ങാടിയില്‍ നിന്നാരംഭിക്കുന്ന സൈക്കിള്‍ റാലിയില്‍ 180ഓളം ആളുകള്‍ പങ്കെടുക്കും. സന്ദേശത്തിന്റെ പ്രാധന്യമുള്‍ക്കൊണ്ട് രണ്ട് വിദേശ സൈക്ലിംഗ് താരങ്ങളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 120ഓളം കുട്ടികള്‍, വിവിധ സൈക്ലിംഗ് അസോസിയേഷനുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വയനാട് പ്രസ് ക്ലബിന്റെ കീഴിലുള്ള സൈക്കിള്‍ ക്ലബായ ഒയിക്കോസ് എന്നിവര്‍ അടക്കമുള്ള സൈക്ലിംഗ് താരങ്ങളാണ് റാലിയില്‍ അണിനിരക്കുക. ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എ.പി ജയിംസ് ഫ്‌ളാഗ്ഓഫ് ചെയ്യുന്ന റാലി 11ഓടെ കല്‍പ്പറ്റയില്‍ സമാപിക്കും. ഉദ്ഘാനട ചടങ്ങില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ സംസാരിക്കും. റാലിക്ക് കാക്കവയല്‍, കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍, എസ്.കെ.എം.ജെ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്വീകരണമുണ്ടാവും. വിവിധയിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ പൊലീസ് മേധാവി ഇളങ്കോ, ഡി.എം.ഒ ഡോ. ആര്‍. രേണുക, ഡി.പി.എം ഡോ. അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും. 11ന് മുനിസിപ്പല്‍ ബസ് സ്റ്റാന്റിലാണ് റാലി അവസാനിക്കുക. ആരോഗ്യ ഭക്ഷ്യ സുരക്ഷ സന്ദേശങ്ങളും, വ്യായാമത്തിന്റെ ആവശ്യകതയും പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഡി.എം.ഒ ഡോ. ആര്‍ രേണുക, ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ വര്‍ഗീസ്, ആരോഗ്യ വകുപ്പ് മാസ് മീഡിയ ഓഫിസര്‍ കെ ഇബ്രാഹിം, വയനാട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇലകുളം എന്നിവര്‍ അറിയിച്ചു.





Leave a Reply