June 13, 2026

സ്വരാജ് ട്രോഫി പുരസ്‌കാര നിറവില്‍ കോട്ടത്തറ, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
    ജില്ലയില്‍ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം മൂപ്പൈനാട് ഗ്രാമപഞ്ചായത്തും കോട്ടത്തറ ഗ്രാമപഞ്ചായത്തും കരസ്ഥമാക്കി. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ സമാപന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനില്‍ നിന്ന് പഞ്ചായത്തുകള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്തായി മൂപ്പൈനാട് 2000 ഒക്‌ടോബറിലാണ് നിലവില്‍ വന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ ജില്ലയിലെ മികച്ച വികസനവും വളര്‍ച്ചയുമുള്ള പ്രദേശമാക്കി മാറ്റുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. 2018-19 വര്‍ഷത്തില്‍ 100 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും വസ്തു നികുതി പിരിച്ചെടുക്കുന്നതിനും സാധിച്ചു. കൃത്യ സമയത്ത് വാര്‍ഷിക ധനകാര്യ പത്രിക നല്‍കുക, ഓഡിറ്റിന് മറുപടി നല്‍കുക, ഭരണ സമിതിയും, ജീവനക്കാരും, നിര്‍വ്വഹണ ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ സംവിധാനങ്ങളും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ പുരസ്‌കാരത്തിനര്‍ഹരാക്കിയത്. 
ഉത്പ്പാദന, സേവന, അടിസ്ഥാന മേഖലകളില്‍ മാതൃകാപരമായ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. മൃഗ സംരക്ഷണ മേഖലയില്‍ പശു വളര്‍ത്തല്‍, ബ്രഹ്മഗിരിയുമായി യോജിച്ച് പോത്തുകുട്ടി പരിപാലനം, കുടുമബശ്രീയുമായി യോജിച്ച് മുട്ടകോഴി ഫാം എന്നിവ മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും മാതൃകാപരമായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ വെര്‍ച്ച്യുല്‍ റിയാലിറ്റി ക്ലാസ്സ് റൂമുകള്‍, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ജനനീ സുരക്ഷ പദ്ധതി, ശുചിത്വ രംഗത്ത് കൊതുക് നിവാരണത്തിനും ശീലവല്‍കൃത രോഗങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും മികച്ച പദ്ധതികളാണ്. 
സാമൂഹ്യ ക്ഷേമ രംഗത്ത് വയോജനങ്ങള്‍ക്ക് പകല്‍ വീടുകള്‍, വയോജന ക്ലബ്ബുകള്‍ ആരോര്യ പരിരക്ഷ എന്നിവയും ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം, സ്‌കോളര്‍ഷിപ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവയും നല്‍കി വരുന്നുണ്ട്. മികച്ച കുടുംബശ്രീ സംവിധാനം പ്രവര്‍ത്തിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലാണ് ആദ്യത്തെ ജെന്‍ഡര്‍ ബഡ്ജറ്റ് അവതരിപ്പിച്ചത്. പ്രളയത്തിന് ശേഷം പ്രത്യേക ദുരന്ത നിവാരണ പദ്ധതിയും കലാവസ്ഥാ വ്യതിയാനത്തിന് എതിരെയുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി കിലയുടെ അംഗീകാരം ലഭിച്ച് സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ജൈവ വൈവിധ്യ അവാര്‍ഡ്, ജൈവ കാര്‍ഷിക അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്കൊപ്പം രണ്ടാം തവണയാണ് മൂപ്പൈനാട് പഞ്ചായത്തിന് സ്വരാജ് ട്രോഫി ലഭിക്കുന്നത്.    

     മഹാ പ്രളയത്തെ അതിജീവിച്ചാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത്  ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് എന്ന  നേട്ടം കൈവരിച്ചത്. പദ്ധതി നിര്‍വ്വഹണം 98% പൂര്‍ത്തിയാക്കി എസ്.സി, എസ്.ടി വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനമാണ് പഞ്ചായത്ത് കാഴ്ചവെച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ നൂതനമായ പദ്ധതികള്‍ നടപ്പിലാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 100 പേര്‍ക്ക് തൊഴുത്ത്, കിണര്‍, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് എന്നിങ്ങനെ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള ആംബുലന്‍സ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കി. പ്രാഥമിക ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് സ്വന്തമായി ലാബ് സംവിധാനം ഏര്‍പ്പെടുത്തി. എസ്.ടി മേഖലയില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സ്‌കൂട്ടറും, ശിങ്കാരി മേളം സംഘം രൂപീകരിക്കുകയും ചെയ്തു. ശുചിത്വ മേഖലയില്‍ ''എന്റെ ഗ്രാമം, സുന്ദര ഗ്രാമം'' പദ്ധതി നടപ്പിലാക്കി. പഞ്ചായത്തില്‍ പൂര്‍ണ്ണമായും ഹരിത ചട്ടം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികളുടെ കലാ-കായിക മേഖലയിലെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സര്‍ഗ്ഗവസന്തം പദ്ധതി നടപ്പിലാക്കി. സേവനങ്ങള്‍ സമയബന്ധിതമായി ഗുണമേന്മയോടെ നല്‍കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടുവാനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *