ഇരയായ പെൺകുട്ടി വിചാരണയ്ക്കിടെ മൊഴി മാറ്റിയിട്ടും പീഡനക്കേസിൽ പ്രതിക്ക് മൂന്നു വർഷം തടവ് ശിക്ഷ
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെ .എസ്. ആർ.ടി.സി. ബസിൽ വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് മൂന്നുവർഷം തടവും 20000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി വാകയാട് അവിടനല്ലൂർ നീലഞ്ചേരി ഷാജു (38)വിനെയാണ് കൽപ്പറ്റ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക കോടതി പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2016 സെപ്റ്റംബർ 18 നാണ് കേസിനാസ്പദമായ സംഭവം. വയനാട് സ്വദേശിനിയായ പെൺകുട്ടി വലിയമ്മയോടൊപ്പം കെ.എസ്ആർ.ടി.സി ബസിൽ വയനാട്ടിലേക്ക് വരികയായിരുന്നു.താമരശ്ശേരിയിൽ നിന്ന് ബസ്സിൽ കയറിയ പ്രതി നിന്ന് യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തിന് സഹയാത്രികരായ ഒട്ടേറെപ്പേർ ദൃക്സാക്ഷികൾ ആയിരുന്നു. ബസ് വൈത്തിരിയിൽ എത്തിയപ്പോൾ വൈത്തിരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ കെ അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലാണ്
അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
വിചാരണക്കിടെ ഇരയായ പെൺകുട്ടി മൊഴി മാറ്റിയെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു. പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. സിന്ധു ഹാജരായി.





Leave a Reply