April 24, 2024

ബന്ധുവുമായ യുവാവ് അയൽവാസിയുടെ കൈ തല്ലിയൊടിച്ചു.

0
Sunilkumar 2.jpg

കേണിച്ചിറ: യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്. കേണിച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താനി വാളവയല്‍ പുലിയേള്ളുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിനെ(28)യാണ് ബന്ധുകൂടിയായ വാളവയല്‍ പുലിയേള്ളുങ്കല്‍ വീട്ടില്‍ പി എസ് ജിനേഷ് മര്‍ദ്ദിച്ചത്. മെയ് 25നാണ് കേസിനാസ്പദമായ സംഭവം. സുനിലിന്റെ വീട്ടിലേക്കുള്ള വഴിയെ സംബന്ധിച്ച് ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ജിനേഷിന്റെ വീടിന് പിന്‍ഭാഗത്തുള്ള സുനില്‍കുമാറിന്റെ വീട്ടിലേക്കുള്ള വഴിയുടെ പാതി ഭാഗം വേണമെന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം. എന്നാല്‍ രേഖപ്രകാരം ഈ സ്ഥലം സുനില്‍കുമാറിന്റെ കുടുംബത്തിന് അവകാശപ്പെട്ടതാണ്. വീട്ടിലേക്കുള്ള വഴി സുനില്‍കുമാറിന്റെ കുടുംബം നന്നാക്കുന്നതിനിടെയാണ് മെയ് 25ന് ഇതേ വിഷയവുമായി ബന്ധപ്പെട്ട് തകര്‍ക്കം ഉടലെടുക്കുകയും, തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് സുനില്‍കുമാറിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. മര്‍ദനത്തില്‍ സുനില്‍കുമാറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. കൈയ്യുടെ എല്ല് പൊട്ടി പുറത്തുവന്നതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും, ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. ഏകദേശം രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് ശസ്ത്രക്രിയയും അനുബന്ധചികിത്സയും നടത്തിയത്. നാല് വര്‍ഷക്കാലം ശസ്ത്രക്രിയ ചെയ്ത കൈയുപയോഗിച്ച് യാതൊരുപ്രവൃത്തിയുംചെയ്യാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പി എസ് സി പരീക്ഷ ലക്ഷ്യമിട്ട് പരിശീലനത്തിനും മറ്റുമായി പൊയ്‌ക്കൊണ്ടിരുന്ന സുനില്‍കുമാറിന് ഇപ്പോള്‍ ആ സ്വപ്നങ്ങളും നഷ്ടമായിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും ആദ്യം മുതല്‍ തന്നെ പൊലീസിന്റെ ഭാഗത്ത് നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായത്. രണ്ടാഴ്ചക്ക് ശേഷമാണ് പരാതിക്കാരന്റെ മൊഴി പോലും എടുക്കാന്‍ തയ്യാറായത്. നടപടിയില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡി വൈ എസ് പിയെ നേരില്‍ കണ്ട് വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടെങ്കിലും തുടര്‍ന്നും പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകളുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഡി വൈ എസ് പി നിര്‍ദേശം നല്‍കിയ ദിവസം മുതല്‍ പ്രതി ഒളിവില്‍ പോയതായും പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ വിളിക്കുമ്പോള്‍ പ്രതി ജാമ്യത്തിന് ശ്രമിക്കുകയാണെന്നും, അതില്‍ തീരുമാനം വന്നതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്നുമാണ് പറയുന്നതെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. പ്രതിയെ കാണിച്ചുതന്നാല്‍ അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ബി ജെ പി അനുഭാവിയായ പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന പൊലീസിന്റെ നിലപാടിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *