പ്രവാസികളുടെ മടക്കം : സര്‍ക്കാര്‍ വിമുഖത കാട്ടുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: എം സി സെബാസ്റ്റ്യന്‍
കല്‍പ്പറ്റ: പ്രവാസികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍. വയനാട് പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കാനുള്ള തിയ്യതി അവസാനിക്കുന്നത് വരെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അത് യു ഡി എഫിന് ഗുണം ചെയ്യുമെന്ന ഭയം ഇടതുസര്‍ക്കാരിനുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ രണ്ട് അവസരം കൂടി നിലനില്‍ക്കുകയാണ്. അന്തിമ വോട്ടര്‍പട്ടിക പുതുക്കി പുറത്തിറക്കിക്കഴിഞ്ഞാല്‍ യാതൊരു തടസവും കൂടാതെ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ചിലവില്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ലഘുലേഖ സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകള്‍ വീടുകളില്‍ നേരിട്ടെത്തി വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് യു ഡി എഫില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് നേതാക്കള്‍ക്കും ജോസ് വിഭാഗം യു ഡി എഫിനൊപ്പം നില്‍ക്കണമെന്ന് തന്നെയാണ് ആഗ്രഹം. ചെറിയ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എണ്ണം കൂടരുതെന്നാണ് വ്യക്തിപരമായ ആഗ്രഹം. എല്ലാ കേരളാകോണ്‍ഗ്രസും ഒന്നാകണമെന്നതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ ഡി എഫില്‍ വെന്റിലേറ്ററില്‍ കഴിയുന്നത് സി പി ഐയാണെന്ന് കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററില്‍ കിടക്കേണ്ടി വന്നവര്‍ക്കാണ് അതിന്റെ അവസ്ഥയറിയുക. ആ അവസ്ഥ ജോസ് വിഭാഗത്തിന് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചാവും സി പി ഐ അത് പറഞ്ഞിട്ടുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഒറ്റക്ക് മത്സരിച്ചാല്‍ അതവര്‍ക്ക് ഗുണം ചെയ്യില്ല. എന്നാല്‍ അവരെ എഴുതിത്തള്ളാനുമാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം പ്രവര്‍ത്തനം വിപുലീകരിക്കും. ഇതിന്റെ ഭാഗമായി ഹൈക്കോര്‍കമ്മിറ്റിയും, സംസ്ഥാന കമ്മിറ്റിയും ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ്ബ് വിഭാഗം ജില്ലാപ്രസിഡന്റ് കെ എം എബ്രഹാം, പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റ് എ സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.





Leave a Reply