March 29, 2024

ജോലിയില്ല. : വേതനമില്ല; സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ കണ്ണീര്‍ക്കയത്തിൽ

0
Img 20200708 Wa0135.jpg
എസ്.എസ്.കെ ഓഫീസ് പടിക്കല്‍ 13 മുതല്‍ റിലേ സത്യഗ്രഹം
കല്‍പറ്റ-കോവിഡ് കാലത്തു വേലയും വേതനവുമില്ലാതെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. സമഗ്ര ശിക്ഷ കേരള(എസ്.എസ്.കെ) മുഖേന ജൂണ്‍ ഒന്നു മുതല്‍ നടത്തേണ്ട നിയമനം കോവിഡ് പശ്ചാതലത്തില്‍ മുടങ്ങിയതാണ് സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കു വിനയായത്. പൊതുവിദ്യാലയങ്ങളില്‍ കലാകായിക,പ്രവൃത്തിയ പരിചയ  വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നവരാണ് സ്പെഷ്യലിസ്റ്റ് അധ്യാപകര്‍. നിയമനത്തിന്‍റെ അഭാവത്തില്‍ വേതനം മുടങ്ങിയ ഇവരും കുടുംബാംഗങ്ങളും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുകയാണ്. ഇതു കണക്കിലെടുത്ത് ഇടക്കാല ആശ്വാസം അനുവദിക്കാനും ഉത്തരവാദപ്പെട്ടവര്‍ തയാറാകുന്നില്ല. 
കേന്ദ്രാവിഷ്കൃത സര്‍വശിക്ഷ അഭിയാനിനു(എസ്.എസ്.എ) കീഴില്‍ 2016  ഡിസംബറിലാണ് സംസ്ഥാനത്തു ആദ്യമായി പൊതുവിദ്യാലയങ്ങളില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചത്. അധ്യയനവര്‍ഷാരംഭം മുതല്‍ അവസാനം വരെയുള്ള കാലയളവില്‍  കരാര്‍ വ്യവസ്ഥയിലായിരുന്നു നിയമനം. 28,000 രൂപയായിരുന്നു പ്രതിമാസ വേതനം. 2018ല്‍ സര്‍വ ശിക്ഷ അഭിയാന്‍ സമഗ്ര ശിക്ഷ കേരള എന്ന പദ്ധതിയായി മാറിയപ്പോള്‍ സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചു. അധ്യാപകരെ 7,000 രൂപ പ്രതിമാസ വേതനത്തില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ നിയമിക്കാന്‍ നിര്‍ദേശിച്ചു. ഈ വേതനം തീരേ കുറവാണെന്നു കണ്ട സംസ്ഥാന സര്‍ക്കാര്‍ 7,000 രൂപ കൂട്ടിച്ചേര്‍ത്തു മാസം 14,000 രൂപ വേതനത്തില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഫുള്‍ടൈമായി നിയമിച്ചു. നിയമനം വൈകിയതിനാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവും എട്ടു വീതം മാസങ്ങളിലാണ് അധ്യാപകര്‍ക്കു ജോലി ലഭിച്ചത്. 
കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാത്തതിനാല്‍ ഈ അധ്യയനവര്‍ഷം സ്പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടന്നില്ല. വയനാട്ടില്‍ മാത്രം 110 നിയമനങ്ങളാണ് നടത്തേണ്ടത്. ഇതിനുള്ള കടലാസുപണികള്‍ എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട്  കോ ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ പൂര്‍ത്തിയായെങ്കിലും നിയമന ഉത്തരവ് ഇറക്കുന്നില്ല. 
പ്രയാസങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുന്നതിനു 13 മുതല്‍ എസ്.എസ്.കെ ജില്ലാ ഓഫീസിനു മുന്നില്‍ റിലേ സത്യഗ്രഹം ആരംഭിക്കാനാണ് സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ ഘടകത്തിന്‍റെ തീരുമാനം. നിയമനം ഉടന്‍ നടത്തുക, 2016ലെ വേതനം പുനഃസ്ഥാപിക്കുക, ഏപ്രില്‍ മുതലുള്ള വേതനം അനുവദിക്കുക, ജോലിയില്‍ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹമെന്നു അസോസിയേഷന്‍ ഭാരവാഹികളായ യു.പി.മോഹന്‍ദാസ്, എ.ജില്‍സ്, സെലിന്‍ ലോപ്പസ്, മനോജ്മോന്‍ എന്നിവര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും  അഞ്ചു പേര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടായതിനുശേഷമേ സമരം നിര്‍ത്തൂവെന്നു അവര്‍ പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *