June 13, 2026

കൂടുതല്‍ തരിശ് നിലങ്ങളില്‍ കൃഷിയിറക്കും: ഭക്ഷ്യ സുരക്ഷ ലക്ഷ്യം

0
By ന്യൂസ് വയനാട് ബ്യൂറോ

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക ണ്ഡലത്തില്‍ കൂടുതല്‍ തരിശ് നിലങ്ങളില്‍  കൃഷിയിറക്കുമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന കല്‍പ്പറ്റ നിയോജകമണ്ഡലം പച്ചപ്പ് പദ്ധതിയുടെ അവലോകന യോഗത്തിലാണ് കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെത്തി കൃഷിയിറക്കാന്‍ തീരുമാനമായത്. കാരാപ്പുഴയിലും ബാണാസുരയിലും അമ്പതേക്കര്‍ വീതം തരിശ്ശു നിലങ്ങളില്‍ പച്ചപ്പ് മുന്‍കൈയ്യെടുത്ത് ഇത്തവണ കൃഷി തുടങ്ങുന്നുണ്ട്.  കാരാപ്പുഴ ഡാം പരിസരത്ത് മുപ്പത് ഏക്കറില്‍ നെല്‍കൃഷിയും ഇരുപതേക്കറില്‍ പച്ചക്കറി കൃഷിയുമാണ് നടക്കുക. ബാണാസുര ഡാം പരിസരത്ത്  മില്‍ക്ക് സൊസൈറ്റികളുടെ സഹകരണക്കോടെ പശുക്കുട്ടികളുടെ പരിപാലനവും തീറ്റപ്പുല്‍ കൃഷി, പൂക്കളുടെ കൃഷി, പഴവര്‍ഗ്ഗങ്ങളുടെ കൃഷി എന്നിവയും പ്രാദേശിക കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിക്കും. കൃഷി വകുപ്പ്, ജലസേചന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹായ സഹകരണത്തിലാണ്  പദ്ധതി നടപ്പാക്കുന്നത്. 

 കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി കാപ്പി കര്‍ഷകരുടെ ഗ്രൂപ്പുകള്‍ രൂപീകരിക്കും. നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറി മാരുടെയും യോഗം ജൂലൈ 24 ന് ചേരും.  വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് മാങ്കുളം മോഡല്‍ ഫെന്‍സിങ്ങ്, റെയില്‍ ഫെന്‍സിങ്ങ്, സോളാര്‍ ഹാന്റ്‌ലിംഗ് ഫെന്‍സിങ്ങ് എന്നിവ നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്.  ഇതിനായി എം എല്‍ എ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക പഞ്ചായത്തുകളില്‍ നിന്നും പ്രാദേശിക മായി കണ്ടെത്തി വനം വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി ഓരോ പഞ്ചായത്തിലും ഓരോ ഏക്കര്‍ സ്ഥലം കണ്ടെത്തി വന്യ മൃഗങ്ങള്‍ക്കായി ഫല വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കണമെന്നും എം.എല്‍.എ പറഞ്ഞു.
 
പച്ചപ്പിന്റെ ഭാഗമായി നിയോജക മണ്ഡലത്തില്‍ പുതുജീവനം പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി എക്‌സൈസ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍, ജനമൈത്രി പോലീസ്, ആരോഗ്യവകുപ്പ്, പഴശ്ശി സന്നദ്ധ സംഘടന എന്നിവരുമായി സഹകരിച്ച് ഓരോ പഞ്ചായത്തിലെയും അഞ്ച് കോളനികള്‍ തിരഞ്ഞെടുത്ത് ബോധവത്ക്കരണം, കൗണ്‍സിലിംഗ്, ചികിത്സ എന്നിവ പുതുജീവനത്തിലൂടെ സംഘടിപ്പിക്കും.

യോഗത്തില്‍ പച്ചപ്പ് നോഡല്‍ ഓഫീസര്‍ പി.യു. ദാസ്,  കോ- ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *