March 29, 2024

മണ്ണില്‍ വിളയുന്ന പ്രതീക്ഷകള്‍

0
Img 20210415 Wa0041.jpg
മണ്ണില്‍ വിളയുന്ന പ്രതീക്ഷകള്‍
.. കെ.കെ രമേഷ് കുമാർ വെള്ളമുണ്ട്
….
വന്യമൃഗങ്ങളോടുള്ള പോരാട്ടവും കണ്ണീരും മാത്രമല്ല കാടിനുള്ളിലെ ബാവലിക്ക് പറയാനുണ്ട് പകരമില്ലാത്ത വിജയഗാഥകളും. ഗ്രാമത്തിലെ കൊല്ലപ്പള്ളി ബേബി എന്ന കര്‍ഷകന്‍ ശ്രദ്ധനേടുന്നത് കോവയ്ക്കാ കൃഷിയിലൂടെയാണ്. 20 സെന്റ് സ്ഥലം മാത്രം സ്വന്തമായുള്ള ബേബി ചുറ്റുവട്ടത്തുള്ള രണ്ടരയേക്കറോളം തരിശ് ഭൂമി പാട്ടത്തിനെടുത്താണ് വിവിധ വിളകള്‍ കൃഷി ചെയ്യുന്നത്. കോവക്കയും കാബേജുമെല്ലാം വിളയുന്ന ജൈവകൃഷിയിടം ഇന്ന് കുളിരിന്റെ കാഴ്ചയാണ്.  ഒന്നേകാല്‍ ഏക്കറോളം വരുന്ന കരഭൂമിയില്‍ കഴിഞ്ഞ ഏപ്രില്‍ മുതലാണ് കോവക്ക വിളവെടുപ്പ് തുടങ്ങിയത്. ഒരു മാസം പത്ത് ടണ്‍ വീതം കോവക്കയാണ് ഇവിടെ നിന്നും വിവിധ ഭാഗങ്ങളിലേക്ക് കയറ്റി പോകുന്നത്. വിഷം തീണ്ടാത്ത ഈ കോവക്കാ കൃഷിയിടം തേടി ഒട്ടേറെ ആവശ്യക്കാര്‍ എത്തുന്നു. വരുന്നവര്‍ക്കെല്ലാം ഈ കൃഷിയിടത്തില്‍ നിന്നും ആവശ്യത്തിന് കോവക്ക സ്വന്തം ഇഷ്ടത്തിന് പറിച്ചെടുക്കാം. ഇവരില്‍ നിന്നെല്ലാം കിലോയ്ക്ക് 50 രൂപയാണ് ഈടാക്കുന്നത്. പറിച്ചെടുക്കുമ്പോഴുള്ള ചുന പോലും വറ്റാതെ വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. അന്യ ദേശങ്ങളില്‍ നിന്നും വരുന്ന കോവക്കയേക്കാള്‍ വലുപ്പവും നിറവുമുള്ള ഈ കോവക്ക തന്നെയാണ് ബേബക്ക് പ്രധാന വരുമാനുവും ഉറപ്പാക്കിയത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഇവിടെ വിളവെടുപ്പ്. പ്രതീക്ഷ നട്ടാല്‍ മണ്ണില്‍ പുതിയ ജീവിതം തളിര്‍ക്കും. ആ വിശ്വാസത്തെ ബലപ്പെടുത്തി തളിരിട്ട കൃഷിയിടത്തിന് നടുവില്‍ സംതൃപ്തനാണ് ഭാര്യ ലില്ലിയും മക്കളും പേരമക്കളും അടങ്ങുന്ന ഈ കര്‍ഷകന്‍.
 കൃഷിയിടത്തിലേക്കുള്ള കുടിയേറ്റം
തിരുവതാംകൂറില്‍ നിന്നും  വയനാട്ടിലേക്ക് കുടിയേറിയ കര്‍ഷക കുടുംബത്തിന്റെ പാരമ്പര്യം ഉണ്ടെങ്കിലും മൂന്ന് പതിറ്റാണ്ട് ബേബി കൃഷിയിടത്തില്‍ ഉണ്ടായിരുന്നില്ല. പ്രാഥമിക പഠനത്തിന് ശേഷം വിവിധ ജോലികളുമായി പലയിടങ്ങളിലുമെത്തി. തുടര്‍ച്ചയായി ഇരുപത് വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു. കോണ്‍ട്രോക്ടര്‍ക്ക് കീഴില്‍ സൂപ്പര്‍വൈസറായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ പരിമിതമായ വീട്ടുകൃഷിയിടത്തില്‍ ആവുന്നത്രയും വാഴയും മറ്റും കൃഷയിറക്കി. ഒട്ടേറെ മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ഈ സമയത്താണ് വിഷമില്ലാത്ത പച്ചക്കറികള്‍ വീട്ടുതോട്ടത്തില്‍ എന്ന ലക്ഷ്യത്തോടെ കൃഷിയിലേക്ക് കടന്നുവരുന്നത്. ഇതിനിടയില്‍ മഹാരാഷ്ട്രയിലെ സാവന്തവാടിക്കടുത്തും ജോലിപരമായി എത്തിയിരുന്നു. ഇവിടെയാണ് ഒട്ടേറെ വിസ്തൃതിയുള്ള കോവക്കാത്തോട്ടം കാണുന്നത്. ഏത് കാലത്തും വിളവെടുപ്പ് നടത്താന്‍ കഴിയുന്ന ഈ തോട്ടത്തിലേക്ക് ബേബിയിലെ കര്‍ഷകന്‍ നോട്ടമെറിഞ്ഞു. കോവക്ക വള്ളിയുടെ ഒരു തണ്ട് അവരോട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ തയ്യാറായില്ല. വില കൊടുക്കാം എന്നു പറഞ്ഞതോടെ ഒരു ചുവടിന് പതിനായിരം രൂപ വരെ അവര്‍ മോഹവില പറഞ്ഞു. അതൊന്നും നോക്കാതെ ഒരു ചുവട് വാങ്ങി. നാട്ടിലെത്തി കൃഷിയിറക്കാന്‍ സ്ഥലം കണ്ടെത്തി. അറുപത് ചുവടിനുള്ള വള്ളി അതില്‍ ഉണ്ടായിരുന്നെങ്കിലും മൂത്ത കമ്പ് ആയതിനാല്‍ വെറും നാല് ചുവട് മാത്രമാണ് ഇവിടെ വേരാഴ്ത്തിയത്. ബാക്കിയെല്ലാം ഉണങ്ങി പോയിട്ടും ബേബി പ്രതീക്ഷ കൈവിട്ടില്ല. ആ നാല് ചുവടില്‍ നിന്നും ഇന്ന് മുന്നൂറോളം ചുവട് കോവക്കാ കൃഷിയിലേക്ക് ഈ കര്‍ഷകന്‍ എത്തി. രാസവളങ്ങള്‍ക്കും രാസ കീട നാശിനികള്‍ക്കും പകരം ജൈവ വളങ്ങളും ജൈവ കീടനാശിനികളെയും പരീക്ഷിച്ചു. കരുത്തോടെ വളര്‍ന്ന ചെടികളില്‍ നിന്നും വിളവും പ്രതീക്ഷിച്ചതുപോലെ വന്നു തുടങ്ങി. ഒന്നരയേക്കറോളം അങ്ങിനെ കോവക്ക പന്തല്‍ കൈകള്‍ നീട്ടി. ഇന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവല്‍ കൃഷി ചെയ്യുന്ന കര്‍ഷകന്‍ എന്ന ബഹുമതിയും ഈ കര്‍ഷകനെ തേടിയെത്തുന്നു.
തീയില്‍ കുരുത്ത പ്രതീക്ഷകള്‍
ഇരുപത് സെന്റ് മാത്രം സ്ഥലം സ്വന്തമായിട്ടുള്ള ഒരാള്‍ക്ക് എന്തിന് കര്‍ഷക വായ്പ നല്‍കാനാണ് എന്ന മറുചോദ്യത്തെയാണ് ആദ്യം ബാങ്കുകളില്‍ നിന്നും നേരിടേണ്ടി വന്നത്. ഇവിടെ നിന്നും നിരാശയോടെ പടിയിറങ്ങി. ശ്രമം ഉപേക്ഷിച്ചില്ല. പാട്ട ഭൂമിയിലെ കൃഷി കണ്ട ചില സ്വകാര്യ ബാങ്കുകള്‍ കൈപിടിച്ചു. അങ്ങിനെ ഒരു കര്‍ഷകന്‍ കൂടി ഈ കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ ജനിക്കുകയായി. കോവല്‍ കൃഷി നല്ല നിലയില്‍ വിളവ് തരാന്‍ തുടങ്ങിയതോടെ ഇത് എവിടെ വിപണനം നടത്തുമെന്നായിരുന്നു പിന്നീടുള്ള അന്വേഷണം. അടുത്തുള്ള  കടകളലെല്ലാം കുറച്ച് മാത്രമേ ആവശ്യക്കാരുള്ളൂ. അതിനാല്‍ ഒരു വിപണി എന്നതിലുപരി കുറെ വിപണികളെ ഒരേ സമയം ലക്ഷ്യമിട്ടു. കാടിനുള്ളിലെ ഗ്രാമമായ ചേകാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ കൂട്ടായ്മ ബേബിയെ സഹായിക്കാനെത്തി. വയനാട്ടിലും കോഴിക്കോടുമായി വിഷരഹിത ജൈവ പച്ചക്കറികള്‍ക്ക് സ്വതന്ത്ര വിപണി ഒരുക്കുന്ന ചേകാടി നവയിലെ അജയനും മനോജുമെല്ലാം ചേര്‍ന്നതോടെ കോവക്ക കൃഷിക്ക് വലിയ സ്വീകാര്യാതയായി. ഇപ്പോള്‍ കോവക്ക മൊത്തമായും ചില്ലറയായും വാങ്ങാന്‍ ദിവസവും ബേബിയുടെ ഫോണിലേക്ക് വിളിയെത്തും. ഇതുപോലെ മറ്റു വിളകളെയും വുപുലമായി തന്നെ ചെയ്യാന്‍ ബേബി ഇറങ്ങി. വീടിന് മുന്നിലെ  തരിശ് നിലം പാട്ടത്തിനെടുത്തു. കൃഷിയിടത്തില്‍ തുള്ളിനന സംവിധാനം എത്തിച്ചു. ഇപ്പോള്‍ നാലിയിരത്തോളം കാബേജാണ് ഇവിടെ വിളവെടുപ്പിന് തയ്യാറായി വരുന്നത്. ഇതില്‍ പകുതിയോളം ഭാഗം പൂര്‍ണ്ണമായും ജൈവ രീതി അവലംബിച്ചാണ് കൃഷി നടക്കുന്നത്. കുറച്ച് ഭാഗത്ത് രാസവളം ചെറിയ തോതില്‍ നല്‍കുന്നു. ബയോ പൊട്ടാഷ് പോലുള്ള വളങ്ങള്‍ അല്‍പ്പം വിളകള്‍ക്ക് ആവശ്യമാണെന്നും ബേബി പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *