April 19, 2024

പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു: സമഗ്ര പുനര്‍നിര്‍മാണം വേണമെന്ന ആവശ്യം ശക്തമാകുന്നു

0
3fbd6ee5 496c 47ce A830 E2bde2a441e6.jpg
പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു: സമഗ്ര  പുനര്‍നിര്‍മാണം വേണമെന്ന ആവശ്യം ശക്തമാകുന്നു

തലപ്പുഴ: വയനാടിനെ കണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപണികള്‍ തുടങ്ങി. താല്‍കാലികമായി റോഡ് നന്നാക്കി ചുരം റോഡിന്റെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്ന നടപടിയല്ല റോഡിന്റെ സമഗ്ര പുനര്‍നിര്‍മാണമാണ് വേണ്ടതെന്നാണ് യാത്രക്കാരുടെ അഭിപ്രായം. തകര്‍ന്നു തരിപ്പണമായ റോഡിലെ കുഴിയുള്ള ഭാഗങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റി. ടാറും കല്ലും അനുബന്ധ സാധന സാമഗ്രികളും എത്തിച്ചു. ചുരം റോഡില്‍ 25 ലക്ഷം രൂപയുടെ അറ്റകുറ്റ പണികളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാല്‍ച്ചുരം റോഡ് ഭാഗികമായി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നേരത്തെ 1.75 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രവൃത്തികള്‍ ഇനിയും തുടങ്ങിയിട്ടില്ല. 2.5 കിലോമീറ്റര്‍ ദൂരം ടാറിംങ് ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്. 6 കിലോമീറ്റര്‍ നീളമുള്ള പാല്‍ച്ചുരം റോഡില്‍ കൂടുതല്‍ തകര്‍ന്ന ഭാഗത്തേക്കല്ല ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 2018ലെ പ്രളയത്തിലാണ് പാല്‍ച്ചുരം റോഡ് ഇടിഞ്ഞ് തകര്‍ന്നത്. തുടര്‍ന്ന് റോഡിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷന്‍ 10 കോടി രൂപയുടെ സമഗ്ര പുനര്‍നിര്‍മാണ പദ്ധതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പദ്ധതി നിര്‍ദേശം സര്‍ക്കാര്‍ ഫയലില്‍ തന്നെ കുരുങ്ങി കിടക്കുകയാണ്. മലയോര ഹൈവെ നിര്‍മാണത്തിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള 4 വരി പാത നിര്‍മാണത്തിന്റെ ഭാഗമായും പാല്‍ച്ചുരം റോഡ് പുനര്‍നിര്‍മിക്കാന്‍ നിലവില്‍ 2 ശുപാര്‍ശകള്‍ ഉള്ളതാണ്. ഈ 2 പദ്ധതികളും എവിടെയും എത്തിയിട്ടില്ല. രാപകല്‍ വിത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ യാത്രക്കാരുടെ കണ്ണില്‍പ്പൊടിയിടാനായി നടത്തുന്ന അറ്റകുറ്റ പണികള്‍ക്ക് പകരം സമഗ്ര പുനര്‍നിര്‍മാണം എത്രയും വേഗം നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മലയോര ഹൈവെ, കണ്ണൂര്‍ വിമാനത്താവളം എന്നീ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാല്‍ചുരം റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.
2018, 2019 പ്രളയ കാലത്ത് റോഡ് പൂര്‍ണമായും തകര്‍ന്നതിനു ശേഷം താല്‍കാലികമായി ഗതാഗതം പുനരരാരംഭിക്കുന്നതിനായി ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തിയത്. ചെകുത്താന്‍ തോടിനു സമീപത്ത് കോണ്‍ക്രീറ്റ് ചെയ്തത് മാത്രമാണ് കാര്യമായി ചെയ്തത്. ചെകുത്താന്‍ തോടിനു സമീപത്തെ ഒന്ന്, രണ്ട് മുടിപ്പിന്‍ വളവുകള്‍, ആശ്രമം ജങ്ഷന്‍, ചുരത്തിന്റെ തുടക്കഭാഗത്തെ കൊടും വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിലവില്‍ റോഡ് പാടെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. 15 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ ചുരം റോഡിലൂടെ ഓടുന്നതിന് വിലക്കുണ്ട്. എന്നാല്‍ അപകടാവസ്ഥയിലായ ചുരം റോഡില്‍ ഇതൊന്നു പാലിക്കപ്പെടുന്നില്ല. അമിത ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ കാരണം പാല്‍ചുരം റോഡില്‍ ഗതാഗത കുരുക്കും പതിവാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *