April 27, 2026

കെ.എസ്.ആര്‍.ടി.സി ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാന്‍ തീരുമാനമായി.

0
IMG_20211210_064315.jpg
By ന്യൂസ് വയനാട് ബ്യൂറോ
✒️ന്യൂസ് വയനാട് ബ്യൂറോ .
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാന്‍ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 2021 ജൂണ്‍ മുതല്‍ പുതിയ ശമ്പളസ്‌കെയില്‍ നിലവില്‍ വരും. 2022 ജനുവരിയിലെ ശമ്പളം മുതല്‍ പുതിയ നിരക്കിലുള്ള ശമ്പളം ലഭിക്കും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയില്‍ നിന്നും 23,000 രൂപയായി വര്‍ധിപ്പിക്കും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്‌കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും. ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ആറ് മാസം പ്രസവാവധിക്ക് പുറമെ 5000 രൂപ അലവന്‍സോടെ ഒരു വര്‍ഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സര്‍വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രി സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പള പരിഷ്‌ക്കരണത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
വീട്ടു വാടക ബത്ത നാലു ശതമാനം നിരക്കില്‍ കുറഞ്ഞത് 1200 രൂപ മുതല്‍ 5000 രൂപ വരെ വര്‍ധിപ്പിക്കും. ഡി.സി.ആര്‍.ജി ഏഴു ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും.
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. 500 കിലോമീറ്റര്‍ വരെയുള്ള ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും. അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തിക സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി അഞ്ച് വര്‍ഷം വരെ സര്‍വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും.
പൊതു അവധി 15 ആയും നിയന്ത്രിതാവധി നാല് ആയും നിജപ്പെടുത്തും. പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എം.പാനല്‍ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് അംഗ സമിതിയെ നിയോഗിക്കും. കെ.എസ്.ആര്‍.ടി.സി സിഫ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ 2022 ജനുവരിയില്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *