എല്ലാവരും ഭൂമിയുടെ അവകാശികള്‍; ജില്ലയിലെ ആദിവാസി ഭൂവിതരണം ത്വരിതപ്പെടുത്തും- മന്ത്രി കെ.രാധാകൃഷ്ണന്‍
കൽപ്പറ്റ: ജില്ലയിലെ ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് പട്ടികജാതി പട്ടിക വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കല്‍പ്പറ്റ അമൃദില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 3595 പേര്‍ക്കാണ് ഇനി ഭുമി ലഭിക്കാനുള്ളത്. ഇവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ ഭൂമി നല്‍കാനുളള നടപടികള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തും. ആദിവാസി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂമി വാസയോഗ്യമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇത്തരം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ലാന്റ് ബാങ്ക് പദ്ധതി, വനാവകാശ നിയമ പ്രകാരമുളള ഭൂമി നല്‍കല്‍, നിഷിപ്ത വന ഭൂമി വിതരണം എന്നീ പദ്ധതികളിലൂടെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തു ന്നതിനായി പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ വനാവകാശ നിയമ പ്രകാരമുളള ഭൂമിക്ക് കൈവശ രേഖ നല്‍കുന്നതിനും നിഷിപ്ത വന ഭൂമി വിതരണം ചെയ്യുന്നതിനുമുളള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂമി കൃത്യമായി അളന്ന് തിട്ടപ്പെടുത്തുന്നതിനുളള സര്‍വ്വെ ഉദ്യോഗസ്ഥരുടെ കുറവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങളിലെല്ലാം അടിയന്തര പരിഹാരം കണ്ടെത്തുന്നതിനായി റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സഹകരണമുറപ്പാക്കാന്‍ മന്ത്രിതല യോഗം ചേരുമെന്നും മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.
വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക് ലൈഫ്മിഷന്‍ പദ്ധതിയിലൂടെ വീട് നല്‍കും. ജില്ലയില്‍ ഏകദേശം 4610 വീടുകളാണ് ചോര്‍ച്ചയുളളതായി കണ്ടെത്തിയത്. ഈ വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്.സി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ 477 പേര്‍ക്കും ഭവനരഹിതരായ 1059 പേര്‍ക്കും പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്റെ ഭാഗമായി ഭൂമിയും വീടും അനുവദിക്കുന്നതിനായുള്ള വിവര ശേഖരണം നടത്തി വരുന്നതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വകുപ്പിന്റെ വിവിധ പദ്ധതികള്‍ മുഖേന ധനസഹായം ലഭിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 125 കൂടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനോടകം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അനുവദിച്ച 100 വീടുകളിലെ പഠനമുറി ഉള്‍പ്പെടെ ആകെ 556 പഠനമുറികളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ജില്ലയില്‍ 215 കുടുംബങ്ങളിലായി 1084 ദുര്‍ബല പട്ടികജാതി വിഭാഗക്കാരാണുള്ളത്. ഇവരുടെ പുനരധിവാസത്തിനായി 1 കോടി 75 ലക്ഷം രൂപയും ഈ വര്‍ഷം വകയിരുത്തിയിതായി പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.





Leave a Reply