കോവിഡ് മരണം : 172 പേര്‍ക്ക് ധനസഹായം കൈമാറി;ലഭിച്ചത് 389 അപേക്ഷകള്‍

കൽപ്പറ്റ:കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് ജില്ലയില്‍ ഇതുവരെ 389 അപേക്ഷകള്‍ ലഭിച്ചു. 172 അപേക്ഷകളില്‍ മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായമായ അമ്പതിനായിരം രൂപ വീതം കൈമാറി. 117 അപേക്ഷകളില്‍ വില്ലേജ് ഓഫീസ് തലത്തില്‍ നടപടി പുരോഗമിക്കുന്നു. ജില്ലയില്‍ ഇതുവരെ 682 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ധനസഹായത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ധനസഹായം അനുവദിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ധനസഹയാവിതരണം വേഗത്തിലാക്കുന്നതിനും
ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റ് പരിശോധിച്ച് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുടെ ലിസ്റ്റ് വില്ലേജ് തലത്തില്‍ തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ട്രൈബല്‍ എക്സ്റ്റന്‍ഷണല്‍ ഓഫീസര്‍മാര്‍ക്കും കൈമാറാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ലഭ്യമാകുന്ന ലിസ്റ്റ് വാര്‍ഡ്തല ആര്‍.ആര്‍.ടിയ്ക്ക് കൈമാറണം. ഇവര്‍ വാര്‍ഡ്തലത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനും കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുമുളള സഹായങ്ങള്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. പട്ടിക വര്‍ഗ വിഭാഗക്കാരുടെ കാര്യത്തില്‍ പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും അപേക്ഷ സമര്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉറപ്പാക്കണം. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിനായി ലഭിക്കുന്ന അപേക്ഷകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉടന്‍ നടപടി സ്വീകരിക്കണം. ലഭിക്കുന്ന അപേക്ഷകളില്‍ അതത് ദിവസം തന്നെ റിപ്പോര്‍ട്ട് അംഗീകാരത്തിന് സമര്‍പ്പിക്കുന്നുണ്ടെന്ന് തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഉറപ്പാക്കണം. വെബ്‌സൈറ്റ് സംബന്ധമായ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി ജില്ലാതലത്തില്‍ ഒരു പ്രോഗ്രാമരെയും നിയമിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ
covid19.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്, കോവിഡ് ഡെത്ത് ഡിക്ളറേഷന്‍ ലിസ്റ്റ് എന്ന ടാബില്‍ കയറിയാല്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കും. ഈ പട്ടികയില്‍ പേര്, വിവരങ്ങളുള്ള വ്യക്തികള്‍ക്ക് മാത്രമാണ് കോവിഡ് മരണ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. പട്ടികയില്‍ പേര് ലഭ്യമാണെങ്കില്‍ വെബ്സൈറ്റിന്റെ ആദ്യ പേജിലേക്ക് തിരികെ പോവുകയും ശേഷം ഐ.സി.എം.ആര്‍ സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ആശ്രിതരുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒ.ടി.പി നമ്പര്‍ ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ ഫോറം പൂരിപ്പിക്കണം. ഇത്തരത്തില്‍ വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഹെല്‍ത്ത് കണ്‍ട്രോള്‍ റൂം പരിശോധിച്ച് യോഗ്യത ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. ശേഷം അക്ഷയ കേന്ദ്രം മുഖേന relief.kerala.gov.in എന്ന വെബ്സൈറ്റില്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറും. ധനസഹായത്തിന് യോഗ്യരാണെങ്കില്‍ തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്യും.



Leave a Reply