ഹരിതപ്രഭയില്‍ മാനികാവിലെ വിദ്യാലയവളപ്പ്

കല്‍പറ്റ-വയനാട്ടിലെ മീനങ്ങാടിയില്‍നിന്നു ഏഴു കിലോമീറ്റര്‍ അകലെ മാനികാവ് ഗ്രാമത്തിലുള്ള എന്‍.എ.എ യു.പി സ്‌കൂള്‍ കേരളത്തിനകത്തും പുറത്തുമുള്ള പ്രകൃതിസ്‌നേഹികളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്നു. നാലര ഏക്കര്‍ വരുന്ന വളപ്പില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന വൃക്ഷ-സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തെ വേറിട്ടതാക്കുന്നത്. നൈസര്‍ഗിക വനത്തിനു സമാനമാണ് വിദ്യാലയവളപ്പിലെ കെട്ടിടങ്ങളും കളിസ്ഥലവും ഒഴികെ ഭാഗങ്ങള്‍. അങ്ങിങ്ങായി നില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാട്ടുമാവും പ്ലാവും പേരാലും ഉള്‍പ്പെടെ വൃക്ഷങ്ങളും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ നട്ടുപരിപാലിച്ച മറ്റിനം മരങ്ങളും ഔഷധ പ്രാധാന്യമുള്ളതടക്കം ചെടികളും അതിരുകളില്‍ തണല്‍ വിരിക്കുന്ന മുളങ്കൂട്ടങ്ങളും വിദ്യാലയവളപ്പില്‍ ഹരിതപ്രഭ ചൊരിയുകയാണ്. പ്രഭാത നടത്തത്തിനും സായാഹ്‌നം ചെലവഴിക്കുന്നതിനും വിദൂര ദിക്കുകളില്‍നിന്നുപോലും ആളുകള്‍ മാനികാവില്‍ എത്തുന്നുണ്ട്. വിദ്യാലയവളപ്പിനു ചുറ്റുമായി നട്ടുവളര്‍ത്തിയ മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ മൂന്നടി വീതിയിലും ഏകദേശം 600 മീറ്റര്‍ ദൈര്‍ഘ്യത്തിലും നടപ്പാത നിര്‍മിച്ചിട്ടുണ്ട്. വൃക്ഷസംരക്ഷണത്തറകളിലാണ് വൈകുന്നേരങ്ങളില്‍ മാനികാവില്‍ എത്തുന്നവരില്‍ അധികം പേരുടെയും വിശ്രമം. ഫോട്ടോ ഷൂട്ടിനും ആളുകള്‍ മാനികാവിലെത്തുന്നുണ്ട്.
പട്ടികവര്‍ഗത്തിലെ കുണ്ടുവാടിയന്‍ വിഭാഗത്തില്‍പ്പെട്ട പേ മുത്തന്‍ 1952ല്‍ ആരംഭിച്ചതാണ് മാനികാവിലെ വിദ്യാലയം. വര്‍ഷങ്ങള്‍ക്കുശേഷം മാനികാവ് ദേവസ്വം ഏറ്റെടുത്ത വിദ്യാലയം 1957ലാണ് യു.പിയായി ഉയര്‍ത്തിയത്. നിലവില്‍ ഏഴു വരെ ക്ലാസുകളിലായി 190 വിദ്യാര്‍ഥികളുള്ള സ്‌കൂളില്‍ 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനുമുണ്ട്. മാനികാവ് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ.നാരായണന്‍ നമ്പീശനാണ് മാനേജര്‍.
1986 മുതല്‍ നടന്നുവരുന്നതാണ് വിദ്യാലയത്തില്‍ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെന്നു ഹെഡ് മാസ്റ്റര്‍ എം.കെ.അനില്‍കുമാര്‍ പറഞ്ഞു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളെ അംഗങ്ങളാക്കി രൂപീകരിച്ച നേച്ചര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാലയവളപ്പില്‍ വിവിധയിനം മരങ്ങളും ചെടികളും നട്ടുപരിപാലിക്കുന്നതിനു തുടക്കമിട്ടത്. അധ്യാപകന്‍ എം.ആര്‍.വിജയന്റെ ചുമതലയിലായിരുന്നു നേച്ചര്‍ ക്ലബിന്റെ പ്രവര്‍ത്തനം. 1998ലാണ് വിദ്യാലയത്തിന്റെ അതിരുകളില്‍ മുളവത്കരണം നടത്തിയത്. പില്‍ക്കാലത്തു പ്രധാനാധ്യാപകനായി വിരമിച്ച പി.വി.പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഇപ്പോള്‍ 33 ഇനം മുളകള്‍ വിദ്യാലയവളപ്പിലുണ്ട്. മുള്ളില്ലാ ഇനങ്ങളാണ് ഇതില്‍ അധികവും. ഈറ്റ, ഓട എന്നിവയും നട്ടുപരിപാലിക്കുന്നുണ്ട്.
2017ല്‍ അന്നത്തെ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസകിന്റെ സന്ദര്‍ശത്തിനു പിന്നാലെയാണ് വിദ്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി വൃക്ഷ-സസ്യ സംരക്ഷണ പരിപാടികള്‍ ആരംഭിച്ചത്. മാനികാവിലെ വൃക്ഷ-സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ അന്നത്തെ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയനാണ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വയനാടിനെ കാര്‍ബണ്‍ തുലിതമാക്കുന്നതിനു ആവിഷ്‌കരിച്ച പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി മീനങ്ങാടിയിലെത്തിയത്. മന്ത്രിയുടെ നിര്‍ദേശം മുഖവിലയ്‌ക്കെടുത്ത സ്‌കൂള്‍ അധികൃതര്‍ പ്രത്യേകം എന്‍ജിനിയറെ നിയോഗിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്.
മീനങ്ങാടി പഞ്ചായത്ത്, ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം, സാമൂഹിക വനവത്കരണ വിഭാഗം എന്നിവയുടെ പിന്തുണ ജൈവവൈവിധ്യ പരിപോഷണത്തില്‍ മാനികാവ് സ്‌കൂളിനു ലഭിക്കുന്നുണ്ട്. മീനങ്ങാടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ വിദ്യാലയ വളപ്പില്‍ നടത്തി. നടപ്പാത, വയലിനു അഭിമുഖമായ വ്യൂ പോയിന്റ് എന്നിവയുടെ നിര്‍മാണം ഇതില്‍ ഉള്‍പ്പെടും.
അരയാല്‍, വെണ്ടേക്ക്, കുമിഴ്, നീര്‍മരുത്, മഴമരം എന്നറിയപ്പെടുന്ന ബുള്‍ഗാന, ഗുല്‍മോഹര്‍, പെരിവട്ട… എന്നിങ്ങനെ നീളുന്നതാണ് സ്‌കൂള്‍ വളപ്പില്‍ നട്ടുവളര്‍ത്തുന്ന വൃക്ഷ ഇനങ്ങളുടെ നിര. വസന്തത്തില്‍ വയലറ്റ് പൂക്കള്‍ നിറയുന്ന തണല്‍മരങ്ങള്‍ ആരുടെയും ഹൃദയം കവരുന്ന കാഴ്ചയാണ്. കുട്ടികള്‍ക്കായി മരങ്ങളില്‍ ഊഞ്ഞാലുകള്‍ കെട്ടിയിട്ടുണ്ട്. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ പുഷ്പിക്കുന്നതാണ് വിദ്യാലയവളപ്പിലെ നാട്ടുമാവ്. മാധുര്യമേറിയതാണ് ഈ മാവില്‍ വിളയുന്ന പഴങ്ങളെന്നു അധ്യാപകരും വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തുന്നു.
പുറമേനിന്നുള്ള കാഴ്ച മറയ്ക്കാത്ത വിധം വളപ്പ് ഇരുമ്പവല കെട്ടി സംരക്ഷിക്കാനുള്ള ആലോചനയിലാണ് വിദ്യാലയാധികൃതര്‍. ഇതിനുള്ള സാമ്പത്തിക പിന്തുണ ഉറപ്പുവരുത്താനുള്ള നീക്കം നടത്തിവരികയാണ്. കവയിത്രി സുഗതകുമാരിയുടെ ഓര്‍മയ്ക്കായി വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജിയും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം മാനികാവ് സ്‌കൂളിനാണ് ലഭിച്ചത്.
.



Leave a Reply