മൂടെച്ചുളു;ദൃശ്യ കലാക്യാമ്പ് സമാപിച്ചു

മാനന്തവാടി : വനഗ്രാമങ്ങളിലെ ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വന വികസന ഏജന്‍സി നേര്‍ത്ത് വയനാട് കുഞ്ഞോം വന സംരക്ഷണ സമിതിയുമായി സഹകരിച്ച് കുഞ്ഞോത്ത് നടത്തിയ മൂടെച്ചുളു ദൃശ്യ കലാക്യാമ്പ് സമാപിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ ഒമ്പതോളം വനഗ്രാമങ്ങളില്‍ നിന്നായി എഴുപതോളം കുട്ടികളാണ് അഞ്ച് ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പങ്കെടുത്തത്. പ്രകൃതിയില്‍ നിന്നും അടര്‍ത്തിയെടുത്ത നിറങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപോയഗിച്ചുള്ള ചിത്രകല, കളിമണ്ണില്‍ ശില്‍പ്പകല, ചുമര്‍ ചിത്ര രചന തുടങ്ങി നിരവധി സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ദൃശ്യ കലാക്യാമ്പ് വേദിയായി. പണിയ, കാടര്‍, കുറിച്യ വിഭാഗത്തിലെ ഒന്നാം തരം മുതല്‍ പത്താം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ക്യാമ്പ് വേറിട്ട അനുഭവമായി.
കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് വിഭാഗത്തിലെ പത്തോളം വിദ്യാര്‍ത്ഥികലും ഇവരുടെ കൂട്ടായ്മയായ ട്രസ്പാസ്സേഴ്സ്, വനവികസന ഏജന്‍സി മാനേജര്‍ ലിജോ ജോര്‍ജ്ജ്, കുഞ്ഞോം വനസംരക്ഷണസമിതി സെക്രട്ടറി കെ.സനല്‍കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാമ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ മോട്ടിവേഷന്‍ ക്ലാസ്സുകളും നടന്നു.
സമാപന സമ്മേളനം ലിജോ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രീത രാമന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ ഗവ.കോളേജ് അസി.പ്രൊഫസര്‍ കെ. സജിലേഷ്, തൊണ്ടര്‍നാട് ടി.ഇ.ഒ ഷെല്ലിജോര്‍ജ്ജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.ആര്‍.കേളു, പ്രണവ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു.



Leave a Reply