എം എൽ എ ഫണ്ട് വിനിയോഗം : വയനാട് ജില്ലയ്ക്ക് പ്രത്യേക ഇളവുകൾക്കായി സർക്കാരിനെ സമീപിക്കും : ഐ സി ബാലകൃഷ്ണൻ എം എൽ എ
സുൽത്താൻ ബത്തേരി : എം എൽ എ മാരുടെ പ്രത്യേക വികസന നിധി, പ്രാദേശിക വികസന നിധി എന്നിവയിലുൾപ്പെടുത്തി വനാതിർത്തികളിൽഹാംഗിംഗ് ഫെൻസിംഗ് പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് പ്രവർത്തനമാർഗരേഖയിൽ മാറ്റം വരുത്തുന്നതിനായി സർക്കാരിനെ സമീപിക്കുമെന്ന് സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ.എം എൽ എ മാരുടെ പ്രത്യേക വികസന നിധി, പ്രാദേശിക വികസന നിധി എന്നിവയിലുൾപ്പെടുത്തി നടപ്പിലാക്കി വരുന്ന വിവിധ പ്രവൃത്തികളുടെ നിർവ്വഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015-16 മുതൽ ബത്തേരി നിയോജകമണ്ഡലത്തിൽ ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കിയതായി എം എൽ എ യോഗത്തിൽ വിലയിരുത്തി. എന്നാൽ നിലവിൽ ഏറ്റെടുത്തിട്ടുള്ള ചില നിർമ്മാണ പ്രവൃത്തികളിൽ കരാറുകാരുടെ ഭാഗത്തു നിന്നും കാലതാമസം ഉണ്ടാകുന്നതിനാൽ സമയബന്ധിതമായി പ്രവർത്തികൾ പൂർത്തികരിക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥരായ എൻജിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകി. പട്ടിക വർഗ ഊരുകളിൽ ദൈവപ്പുര സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ട് ഉപയോഗിക്കുന്നതിന് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇത് സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനമെടുത്തിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് അനുവദിച്ച ബസുകൾ, കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർ, പ്രിൻസിപ്പാൾമാർ എന്നിവരെ ചുമതലപ്പെടുത്തി. കൂടാതെ വിവിധ പി.എച്ച് സികൾക്ക് അനുവദിച്ച ആംബുലൻസുകൾ മാർച്ച് 31 നകം ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫീസർ എന്നിവർക്ക് നിർദ്ദേശം നൽകി. സ്പെഷൽ സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവയ്ക്ക് നിബന്ധനകളിൽ ഇളവ് വരുത്തി എം എൽ എ ഫണ്ട് വിനിയോഗിക്കുന്നതിന് ഗവൺമെന്റിനെ സമീപിക്കും. മുള്ളൻ കൊല്ലി, പുൽപ്പള്ളി ഗ്രാമ പഞ്ചായത്തുകളിലെ വനാതിർത്തികളിൽ ഇപ്പോൾ സർക്കാരിന്റെ പ്രത്യോകാനുമതിയോടെ ഹാംഗിംഗ് ഫെൻസിംഗ് നടപ്പിലാക്കി വരുന്നുണ്ട്. വയനാട് ജില്ലയിൽ ഇത് ഏറെ ആവശ്യവും ഉപകാരപ്രദവുമായതിനാൽ എം എൽ എ ഫണ്ട് മാർഗരേഖയിൽ ഉൾപ്പെടുതുന്നതിന് സർക്കാരിലേക്ക് കത്ത് നൽകും. 2017 – 18 മുതൽ 19-20 വരെയുള്ള ആസ്തിവികസന നിധി പ്രവൃത്തികളുടെ ഭരണാനുമതി 2022 മാർച്ച് 31 ലഭിക്കുന്നതിന് എം എൽ എ കർശന നിർദ്ദേശം നൽകി. പൂതാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മേഴ്സി സാബു, എ ഡി സി ജനറൽ കെ.ഇ വിനോദ് കുമാർ , സുൽത്താൻ ബത്തേരി ബിഡി ഒ എസ് സജീഷ്, സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ: സേതു ലക്ഷ്മി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.






Leave a Reply