March 29, 2024

യുക്രെയിനിൽനിന്നെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി കേരളം

0
Img 20220302 210053.jpg
തിരുവനന്തപുരം  :  യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാർഥികളെ കേരളത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി സംസ്ഥാന സർക്കാർ. ഡൽഹിയിൽനിന്നു 170 മലയാളി വിദ്യാർഥികളെ എയർ ഏഷ്യയുടെ ചാർട്ടേഡ് വിമാനത്തിൽ രാത്രി 8.20നു കൊച്ചിയിൽ എത്തിക്കും. വിദ്യാർഥികൾക്കു സ്വദേശങ്ങളിലേക്കു മടങ്ങാൻ നോർക്കയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്കും കാസർകോട്ടേയ്ക്കും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിട്ടുണ്ട്.
ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിയ വിദ്യാർഥികളെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, വി.എൻ. വാസവൻ, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. വിദ്യാർഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോർക്ക റൂട്ട്‌സ് നിയോഗിച്ചിട്ടുണ്ട്. 
യുക്രെയിനിൽനിന്നു കൂടുതൽ വിദ്യാർഥികൾ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പരമാവധി വേഗത്തിൽ ഇവരെ കേരളത്തിലെത്തിക്കാൻ ചാർട്ടേഡ് ഫ്‌ളൈറ്റ് ഏർപ്പെടുത്തിയത്. ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 26 മുതൽ രാജ്യത്തേക്കെത്തുന്ന മലയാളി വിദ്യാർഥികളെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സൗജന്യമായാണു വിമാനമാർഗം കേരളത്തിലേക്ക് എത്തിക്കുന്നത്. ന്യൂഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തുന്ന വിദ്യാർഥികളെ അവിടെനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്. 
യുക്രെയിനിൽനിന്നു മടങ്ങിയെത്തുന്ന വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ കേരള ഹൗസുകളിൽ നോർക്കയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കു വിശ്രമ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്തെ നോർക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. യുക്രെയിനിലുള്ള കുട്ടികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ മുഖേന നേരിട്ടു ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *