കിടാവ് മുതൽ കിടാരി വരെ – പുൽപ്പള്ളിയിൽ കന്നുകുട്ടി പരിപാലന പദ്ധതി തുടങ്ങി
പുൽപ്പള്ളി : പോഷകസമൃദ്ധമായ കന്നുകുട്ടി ത്തീറ്റയും ശാസ്ത്രീയമായ പരിചരണവും നൽകി ഉൽപ്പാദനക്ഷമത യുള്ള പശുക്കളെ ഗ്രാമപഞ്ചായത്ത് പരിധിയിൽ തന്നെ വളർത്തിയെടുക്കാനുള്ള കന്നുകുട്ടി പരിപാലന പദ്ധതിക്ക് പുൽപ്പള്ളിയിൽ തുടക്കമായി. മൃഗസംരക്ഷണ വകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് 100 കന്നുകുട്ടികളെ പദ്ധതിയിലുൾപ്പെടുത്തി കൊണ്ടാണ് പരിപാടി നടപ്പിലാക്കുന്നത്. 2021 -22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12.5 ലക്ഷം രൂപ ചെലവിലാണ് 32 മാസം നീണ്ടുനിൽക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. കന്നുകുട്ടികൾക്ക് പ്രതിമാസം പകുതി വിലയ്ക്ക് കാലിത്തീറ്റയും ധാതുലവണ മിശ്രിതങ്ങളും നൽകുന്ന ഈ ദത്തെടുക്കൽ പദ്ധതിയിൽ രണ്ടുമാസം കൂടുമ്പോൾ കൃത്യമായ വളർച്ച മോണിറ്ററിംഗും ഉണ്ടാവും. സുൽത്താൻബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുണഭോക്തൃ കർഷകർക്ക് ഒരു ദിവസത്തെ പരിശീലന പരിപാടി ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. പുൽപ്പള്ളി മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. എസ്.ദിലീപ്കുമാർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ശോഭനാ സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീദേവി മുല്ലയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി. ഉഷാ ബേബി, പുൽപ്പള്ളി ക്ഷീര സംഘം പ്രസിഡണ്ട് ശ്രീ ബൈജു നമ്പിക്കൊല്ലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.വി.ഡി. തോമസ്, മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പ്രകാശൻ. എ. വി, ഇരുളം വെറ്റിനറി സർജൻ ഡോ. അമൽരാജ്, ഫീൽഡ് ഓഫീസർ ശ്രീ അനൂപ്. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിനു പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ എസ് പ്രേമൻ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ ഗോപിനാഥ് വി ടി നന്ദിയും പറഞ്ഞു.





Leave a Reply