March 29, 2024

ദേശീയ ട്രൈബൽ കമ്മീഷൻ വയനാട്ടിൽ സിറ്റിംഗ് നടത്തും : സുരേഷ് ഗോപി

0
Img 20220311 200225.jpg
കാട്ടിക്കുളം: ദേശീയ ട്രൈബൽ കമ്മീഷൻ വയനാട്ടിൽ വൈകാതെ സിറ്റിങ്ങ് നടത്തുമെന്ന് ദേശീയ ട്രൈബൽ കമ്മീഷൻ അംഗവും എംപിയുമായ സുരേഷ് ഗോപി. ആദിവാസി വംശീയ വൈദ്യ അസ്സോസിയോഷന്റെ സംസ്ഥാന പ്രതിനിധികളുമായി കാട്ടിക്കുളത്ത് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ വിവരം അറിയച്ചത്. സംസ്ഥാനത്ത് 500ൽ അധികം സ്ഥാപനങ്ങളിലായി 6000 ത്തിൽ അധികം പേർ ആദിവാസി പാരമ്പര്യ ചികിത്സ നടത്തി വരുന്നുണ്ട്. എന്നാൽ ഇവർക്ക് സംസ്ഥാന ഭരണകൂടം വേണ്ടത്ര പരിഗണന നൽകുന്നില്ല. സിദ്ധ. യുനാനി, ആയുർവേദ ചികിത്സ പോലെ തന്നെയാണ് ആദിവാസി വൈദ്യവും. ഇവരുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കോടതിയും പോലീസും തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും ആദിവാസി വംശീയ വൈദ്യ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ. രംഗസ്വാമി വൈദ്യൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു. തങ്ങളുടെ ചികിത്സാ രീതി അന്യം നിന്ന് പോകാതെയിരിക്കാനും കൂടുതൽ ഗവേഷണ പഠനം നടത്തുന്നതിനുമായി ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കണമെന്നും സിദ്ധ, യുനാനി, ആയുർവേദം എന്ന പോലെ കോളജുകളും ഗവേഷണ സ്ഥാപനങ്ങളും സ്ഥാപിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇവയുടെ അംഗീകാരത്തിനായി കേന്ദ്ര ട്രൈബൽ മന്ത്രിയെ കാണാനുള്ള അവസരം ഒരുക്കുമെന്നും എംപി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. രാജ്യസഭയിലെ തന്റെ ആദ്യ പ്രസംഗം ആദിവാസികൾക്ക് വേണ്ടിയായിരുന്നു. ശബ്ദമില്ലാത്ത, പാർശ്വവൽക്കരിക്കപ്പെട്ട ഇവരുടെ ശബ്ദമായി തനെന്നും ഇവർക്ക് മുന്നിൽ ഉണ്ടാകുമെന്നും നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ എംപി പ്രഖ്യാപിച്ചു. സ്വപ്‌ന സമാന പദ്ധതിയാണ് എൻ ഊര് അത് അട്ടിമറിക്കാൻ ആരെയും അനുവദിക്കില്ല. ആദിവാസികൾക്കായുള്ള മികച്ച സംഭവനയുടെ ചെറിയ മാതൃക മാത്രമാണ് അത്. എന്നിട്ടും എതിർക്കപ്പെടുന്നു. വെള്ളം കിട്ടാത്ത സ്ഥലത്ത് ആദിവാസികൾക്ക് കിണർ കുഴിച്ച് കൊടുക്കണം എന്ന് കാരാറുകാർക്കാണ് നിർബന്ധം. കരാറുകാരുടെ പദ്ധതികളാണ് ആദിവാസി ഊരുകളിൽ കൂടുതലായ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സി.വി. രാജേഷ് വൈദ്യർ സ്വാഗതം ആശംസിച്ചു. ആദിവാസികളുടെ മെഡിക്കൽ കോളജാണ് വനങ്ങളെന്നും വനത്തിൽ നിന്ന് പച്ചമരുന്നുകൾ ശേഖരിക്കാനുള്ള അവകാശം പോലും വനംവകുപ്പ് നിഷേധിക്കുകയാണ് എന്ന് ആതിഥേയനായ കാളിക്കൊല്ലി ഇ.സി. കേളു വൈദ്യർ പറഞ്ഞു. വനാവകാശ നിയമം കടലാസിൽ മാത്രമാണ്. ഇതിൽ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിയോടെ കാട്ടിക്കുളത്ത് എത്തിയ എംപിക്ക് ഉജ്വല വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. കൂടിക്കാഴ്ച്ചക്ക് ശേഷം നാട്ടുകാരുമായി സംവിദിക്കാനും അവരുടെ സ്‌നേഹാദരങ്ങൾ ഏറ്റ് വാങ്ങാനും അദ്ദേഹം മടി കാണിച്ചില്ല. തുടർന്ന് എടത്തനക്കുള്ള യാത്രാമധ്യേ തലപ്പുഴയിലും നാട്ടുകാർ അദ്ദേഹത്തിന് സ്വീകരണം നൽകി. 12 മണിയോടെ എടത്തന ട്രൈബൽ സ്‌ക്കൂളിൽ എത്തിയ എംപിക്ക് വൻ വരവേൽപ്പാണ് പിടിഎയും അധ്യാപകരും കുട്ടികളും ചേർന്ന് നൽകിയത്. സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അതിന് കാരണക്കാരായ അധ്യാപകരെയും അദ്ദേഹം ആദരിച്ചു. തുടർന്ന് എടത്തന പൊതുപരിപാടിയിൽ പങ്കെടുത്ത് തറവാട്ടിൽ നിന്ന് ഉച്ച ഭക്ഷണവും കഴിച്ച് അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങി. ബിജെപി സംസ്ഥാന സെക്രട്ടി കെ. രഞ്ജിത്ത്, എസ്ടി മോർച്ച സംസ്ഥാന അധ്യക്ഷൻ പള്ളിയറ മുകുന്ദൻ, ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി. മധു, ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, കെ. ശ്രീനിവാസൻ, ബിജെപി നേതാക്കളായ ലക്ഷ്മി കക്കോട്ടറ, പ്രശാന്ത് മലവയൽ, ഷിംജിത്ത് കണിയാരം, കണ്ണൻ കണിയാരം തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *