April 19, 2024

ലഹരി മുക്ത കേരളം: ജില്ലയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍; ജില്ലാതല സമിതി രൂപീകരിച്ചു

0
Img 20221001 Wa00222.jpg

കൽപ്പറ്റ : ലഹരി ഉപഭോഗവും വിതരണവും നിയന്ത്രിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലയിലും വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തും. ഇതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെയര്‍മാനും ജില്ലാ കളക്ടര്‍ എ. ഗീത കോര്‍ഡിനേറ്ററുമായി ജില്ലാതല സമിതി രൂപീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എം.പി, എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷരുടെ പ്രതിനിധികള്‍, ജില്ലാ പൊലീസ് മേധാവി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ലൈബ്രറി കൗണ്‍സില്‍, എന്‍.എസ്.എസ്, സ്‌കൗട്ട്‌സ്- ഗൈഡ്‌സ്, യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ്, എന്‍.വൈ.കെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാ സമിതിയില്‍ അംഗങ്ങളാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാര്‍ഡ്- വിദ്യാലയ തലങ്ങളിലും പ്രത്യേക സമിതികള്‍ രൂപീകരിച്ച് വരികയാണ്. തദ്ദേശസ്ഥാപനതല സമിതികളില്‍ സ്ഥാപനമേധാവികള്‍ അദ്ധ്യക്ഷരാകും. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരാകും. വാര്‍ഡുതല സമിതിയില്‍ വാര്‍ഡ് അംഗം അദ്ധ്യക്ഷനാകും. കണ്‍വീനര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററോ, മുതിര്‍ന്ന അധ്യാപകനോ ആയിരിക്കും. സ്‌കൂളില്ലാത്ത വാര്‍ഡുകളില്‍ അവിടെ സ്ഥിരതാമസക്കാരായ കോളെജ്- സ്‌കൂള്‍ അധ്യാപകരായിരിക്കും കണ്‍വീനര്‍മാര്‍. സ്‌കൂള്‍ തലത്തില്‍ അദ്ധ്യാപക – രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് അധ്യക്ഷനും പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്റര്‍ കണ്‍വീനറുമാണ്. 
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 മണിക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ മുഖ്യമന്ത്രി നിര്‍വഹിക്കും. അതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും വാര്‍ഡുകളിലും പ്രധാന കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പ്രസംഗം എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. വിവിധ ദിവസങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ലൈബ്രറികളിലും ക്ലബുകളിലും വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിക്കും. 
കാമ്പയിനിന്റെ സമാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തും. അനേനദിവസം എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും. പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിക്കും. വിവിധ മേഖലകളില്‍ ജനജാഗ്രതാ സദസ് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രചാരണ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 14 ന് ലഹരി വിരുദ്ധ സദസ്സ്, 16 ന് ജന ജാഗ്രതാ സദസ്സ്, 24 ന് ദീപം തെളിയിക്കല്‍, റാലികള്‍, കായിക മത്സരങ്ങള്‍, ക്വിസ് മത്സരം എന്നിവ ബന്ധപ്പെട്ട വകുപ്പുകള്‍ സംഘടിപ്പിക്കണം. പോലീസും എക്‌സൈസും ലഹരി പദാര്‍ഥങ്ങള്‍ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം പ്രചാരണ കാലയളവില്‍ ശക്തിപ്പെടുത്തണം. 
യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ്. ഷാജി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *