March 28, 2024

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്ന് കൈകാര്യം ചെയ്യണം:കമ്മീഷണര്‍;ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും

0
Img 20221010 Wa00382.jpg
കൽപ്പറ്റ:വിവാരാവകാശ അപേക്ഷകള്‍ ജനപക്ഷത്ത് നിന്നുകൊണ്ട് കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം. വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാല്‍ എത്രയും വേഗം മറുപടി നല്‍കണമെന്നാണ് വ്യവസ്ഥ. എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ വിവരം നല്‍കാനുള്ള പരമാവധി സമയപരിധിയാണ് 30 ദിവസം. എന്നാല്‍ പല ഉദ്യോഗസ്ഥരും ധരിച്ചിരിക്കുന്നത് 30 ദിവസം വെച്ച് താമസിപ്പിച്ച് മറുപടി നല്‍കിയാല്‍ മതിയെന്നാണ്. ഇത് ശരിയല്ല. ജനങ്ങള്‍ക്ക് ലഭ്യമാവേണ്ട വിവരങ്ങളും രേഖകളും യഥാസമയത്ത് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളാണ് കമ്മീഷന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ വിവരാവകാശ കമ്മീഷന്റെ സിറ്റിങില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു കമ്മീഷണർ. സിറ്റിങില്‍ 11 പരാതികളാണ് തീര്‍പ്പാക്കിയത്. യഥാസമയം മറുപടി കൊടുക്കാത്തതും തൃപ്തികരമായ മറുപടി നല്‍കാത്തതുമായ പരാതികളാണ് എല്ലാം.
ഓഫീസുകളില്‍ വിവാരവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ ലഭിച്ചാല്‍ യഥാസമയം മറുപടി കൊടുക്കാതെ അതു സംബന്ധിച്ച് കമ്മീഷനു മുമ്പാകെ പരാതി ഉയരുമ്പോള്‍ മാത്രം മറുപടി നല്‍കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം അര്‍ഹമായ വിവരങ്ങളും രേഖകളും തക്കസമയത്ത് നല്‍കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നു കമ്മീഷന്‍ വ്യക്തമാക്കി. ജില്ലയില്‍ പരിഗണിച്ച കേസുകളിലും അത്തരം വിഷയങ്ങളുണ്ടെന്നും അവര്‍ക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
വിവരാവകാശ പ്രവര്‍ത്തകരില്‍ പലരും വിവരാവകാശ നിയമത്തിന്റെ ചാലക ശക്തികളാണ്. അവരുടെ ഇടപെടലിന്റെ ഭാഗമായി നല്ല വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്. എന്നാല്‍ ഇത് ചൂഷണത്തിന് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്നവരുമുണ്ടെന്നും അത് ആശാസ്യമല്ലെന്നും കമ്മീഷണർ പറഞ്ഞു.
ജില്ലയിലെ വിവധ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥര്‍ക്ക് നിയമവുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിന് കമ്മീഷന്‍ പ്രത്യേക പരിശീലനം നല്‍കും. സംസ്ഥാനത്ത എല്ലാ ജില്ലകളിലും പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *