March 29, 2024

പുൽപ്പള്ളി പഞ്ചായത്ത്‌ വളർത്തു മൃഗ സംരക്ഷണത്തിന്റെ ഭാഗമായി ചർമ്മ – മുഴ രോഗ കുത്തിവെപ്പ് നൽകി

0
Img 20221029 111015.jpg
പുൽപ്പള്ളി : കന്നുകാലികളിലെ ചർമ മുഴ രോഗം – മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ കന്നുകാലികളിൽ
ലംപി സ്കിൻ  ഡിസീസ്  എന്നറിയപ്പെടുന്ന ഗുരുതരമായ ചർമ്മ രോഗം  വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ വയനാട് ജില്ലയിലും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. വസൂരി വൈറസിനോട് ജനിതക സാമ്യമുള്ള കാപ്രിപോക്സ് വൈറസ് ആണ് കന്നുകാലികളിൽ രോഗമുണ്ടാക്കുന്നത്.രോഗബാധയുള്ള മൃഗങ്ങളിൽ നിന്ന്ചെള്ള്, വട്ടൻ, ഈച്ചകൾ തുടങ്ങിയവ കടിക്കുന്നത് മൂലം മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാം. കർഷകന് ഭാരിച്ച സാമ്പത്തിക നഷ്ടവും ഉല്പാദന ഇടിവും ഉണ്ടാക്കുന്നതോടൊപ്പം ഗുരുതരമായി രോഗം ബാധിക്കുന്ന പശുക്കൾക്ക് മരണം വരെ സംഭവിക്കാം. രോഗബാധയുടെ തീവ്രത അനുസരിച്ച് അസുഖം പൂർണമായി ഭേദമാകാൻ 8 ആഴ്ച മുതൽ 8 മാസം വരെ സമയം എടുക്കാറുണ്ട്. അന്യസംസ്ഥാനങ്ങ ളിൽ നിന്നുള്ള കന്നുകാലികളുടെ വരവും ബാഹ്യപരാദ നിയന്ത്രണവും രോഗ പകർച്ച തടയാൻ  അത്യന്താപേക്ഷിതമാണ്. ചർമ്മമുഴ  രോഗത്തിന് നിലവിൽ മൃഗാശുപത്രികൾ മുഖേന പ്രതിരോധ കുത്തിവെപ്പ് നടപടികൾ ആരംഭിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സീന  ജോസ് പല്ലൻ അറിയിച്ചു. ആദ്യഘട്ടത്തിൽ കൂടുതൽ പശുക്കൾ ഉള്ള ഫാമുകൾ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ്  ക്യാമ്പുകൾ സംഘടിപ്പിക്കുക.
 ചർമ്മമുഴ രോഗത്തിനുള്ള വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ നിലവിൽ ആടു വസൂരി ക്കെതിരെയുള്ള വാക്സിനാണ് രോഗബാധ റിപ്പോർട്ട് ചെയ്ത എല്ലാ സംസ്ഥാനങ്ങളിലും ഫലപ്രദമായി ഉപയോഗിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലും കുത്തിവെപ്പിന് വിധേയമാക്കിയ  പശുക്കളിൽ ഒന്നും തന്നെ പ്രതിരോധ കാലയളവിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ. ജയരാജ്‌ പറഞ്ഞു.
 വാക്സിന്റെ ലഭ്യത അനുസരിച്ച് പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2500 ഓളം ഉരു കൾക്ക് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ പ്രതിരോധ കുത്തിവെപ്പ് നൽകിയതായി  സീനിയർ വെറ്റിനറി സർജൻ  ഡോ. കെ. എസ്. പ്രേമൻ അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾക്ക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ  എ. കെ. രമേശൻ,സി. ഡി. റോഷ്‌ന, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.കെ.സുനിത, രതീഷ് പി കെ, ബിനോയി ജെയിംസ്, ജീവനക്കാരായ ജോസഫ് വി എം, മാത്യു പി ജെ, സന്തോഷ് കുമാർ പി ആർ, സിജി സാബു, ജയ സുരേഷ്  തുടങ്ങിയവർ  നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *