വിദ്യാഭ്യാസ വായ്പയെടുത്തവരെ ക്രൂശിക്കുന്ന നടപടി അവസാനിപ്പിക്കണം; എജ്യൂക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ

.മാനന്തവാടി: വിദ്യാഭ്യാസ വായ്പയുടെ പേരിൽ വിദ്യാർത്ഥികളെ മുൾമുനയിൽ നിർത്തി ക്രൂശിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് എജ്യൂക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 22 ന് മാനന്തവാടിയിൽ വെച്ച് കേരള ഗ്രാമീണ ബാങ്ക് അധികൃതർ നടത്തിയ അദാലത്ത് വിട്ടുവീഴ്ചകൾ ചെയ്ത് പരിഹരിക്കുന്നതിന് തയ്യാറാകാതെ കർക്കശമായ നിലപാടുകൾ സ്വീകരിച്ച് പ്രഹസനമാക്കുകയാണ് ഉണ്ടായത്. വിദ്യാർത്ഥികളുടെ പേരിൽ ജില്ലയിൽ വ്യാപകമായി റിക്കവറി നോട്ടീസുകൾ അയച്ചതിന്റെ അടിസ്ഥാനത്തിൽ ബഹു: ജില്ലാ കലക്ടർക്ക് നല്കുകയും നടപടികൾ നിർത്തി വെക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇത് നടപ്പിലായില്ല. സംസ്ഥാന സർക്കാർ കൊണ്ടു വന്ന ഇ എൽ ആർ എസ് പദ്ധതിയിൽ ഉൾപ്പെടാത്ത വിദ്യാർത്ഥികളുടെ പേരിലാണ് ഇപ്പോൾ നടപടികൾ ഉണ്ടായി കൊണ്ടിരിക്കുന്നത്. മേൽ പറഞ്ഞ സർക്കാർ സഹായ പദ്ധതിക്ക് വേണ്ടി നീക്കിവെച്ച 900 കോടിയുടെ ഫണ്ടിൽ നിന്നും 196 കോടി രൂപ മാത്രമേ ഇത് വരെ ഉപയോഗപ്പെടുത്തിയിട്ടുളളു. ബാക്കി വരുന്ന ഫണ്ട് സർക്കാർ ഉപയോഗപ്പെടുത്തിയാൽ ഇന്നുളള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതാണ്.
മേൽ പറഞ്ഞ പദ്ദതിയിൽ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ഉൾപ്പെടാത്തതാണ് ബാദ്ധ്യത തീർപ്പാക്കാൻ കഴിയാതെ പ്രതിസന്ധിയിലായത്. വയനാട്ടിലെ സാമ്പത്തികപ്രയാസം മൂലം നട്ടം തിരിയുന്ന സാധാരണക്കാരായവരുടെമക്കളാണ് ബഹുഭൂരിപക്ഷവും. ബേങ്കധികാരികളുടെ ധിക്കാരപരമായ നിലപാടുകൾ തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് സംഘടന മുന്നറിയിപ്പു നൽകി.
ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ഈ മാസം 4 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി വ്യാപാര ഭവനിൽ വെച്ച് വായ്പാ ബാദ്ധ്യതയുളളവരുടെ വിപുലമായ ജില്ലാ കൺവെൻഷൻ നടക്കുമെന്ന് മുഴുവൻ ആളുകളും യോഗത്തിൽ പങ്കെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് റ്റി.ഡി.മാത്യു, എം.വി.പ്രഭാകരൻ, ശ്രീധരൻ ഇരുപുത്ര, എസ്.ജി.ബാലകൃഷ്ണൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply