April 25, 2024

ചെണ്ടുമല്ലികളുടെ പൂങ്കാവനമായി പഴശ്ശി പാർക്ക്

0
Img 20221120 Wa00312.jpg
മാനന്തവാടി : പ്രകൃതി രമണീയത കൊണ്ട് അനുഗ്രഹീതമാണ് മാനന്തവാടിയിലെ പഴശ്ശി പാർക്ക്. എന്നാൽ ഇന്ന് വിരിഞ്ഞു പുഞ്ചിരി തൂകി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പാർക്ക്. അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള പാർക്കിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കളുടെ ഉദ്യാനം ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ചും ഇളം മഞ്ഞ നിറത്തിലുമുള്ള ചെണ്ടു മല്ലി പൂക്കളുടെ നീണ്ട നിര പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകമാകുകയാണ്. 3 മാസം മുൻപ് ഗുണ്ടൽപേട്ടയിൽ നിന്നും കൊണ്ടുവന്ന ചെണ്ടുമല്ലിയുടെ ഹൈബ്രിഡ് വിത്തുകളാണ് പാർക്കിൽ പാകിയത്. പാർക്കിലെ ജീവനക്കാരുടെ 3 മാസത്തെ പ്രയത്നത്തിൻ്റെ ഫലമായിട്ടാണ് ഇന്ന് ചെണ്ടുമല്ലി പൂക്കൾ പാർക്കിൽ പ്രഭ ചൊരിഞ്ഞ് നിൽക്കുന്നത്. ചെണ്ടുമല്ലിക്ക് പുറമെ ബോഗൺവില്ല, കാൻഡിൽ ഫ്ളവർ, റോസ് തുടങ്ങിയ പുഷ്പങ്ങളും പാർക്കിലെ ഉദ്യാനത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഡി.ടി.പി.സിയുടെ തനത് ഫണ്ടുപയോഗിച്ചാണ് പാർക്കിലെ ഉദ്യാനത്തിൻ്റെ പരിചരണ പ്രവൃത്തികൾ നടത്തുന്നത്. മാനന്തവാടി കോഴിക്കോട് റോഡിലുടെ പോകുന്ന യാത്രക്കാർക്കും നയന മനോഹരമായ കാഴ്ച്ചയായി മാറുകയാണ് പാർക്കിൽ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ. സഞ്ചാരികളെ ആകർഷിക്കുന്ന പാർക്കിലെ കാഴ്ച്ചകൾക്ക് പുറമെ പൂക്കളുടെ ഉദ്യാനം കൂടി പാർക്കിൽ സ്ഥാനം പിടിച്ചപ്പോൾ പാർക്കിൻ്റെ അഴക് ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഗുണ്ടൽപേട്ടയിലെ ചെണ്ടുമല്ലി പാടത്തും അമ്പലവയലിലെ പൂപ്പൊലിയിലും നിൽക്കുന്ന അനുഭവമാണ് പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് ഉണ്ടാകുന്നത്. പൂക്കളുടെ ഉദ്യാനം കുടി പാർക്കിൽ സ്ഥാനം പിടിച്ചതോടെ വ്ലോഗർമാരുടെ ഇഷ്ടകേന്ദ്രം കൂടിയായ് മാറുകയാണ് പഴശ്ശി പാർക്ക്. ഒരു ഏക്കറിലും കൂടി ഉദ്യാനം ഒരുക്കി പാർക്കിനെ കൂടുതൽ സൗന്ദര്യവത്ക്കരിക്കാൻ ഒരുങ്ങുകയാണ് പാർക്കിലെ ജീവനക്കാർ. ജനുവരി മാസം വരെ പാർക്കിൽ എത്തുന്നവർക്ക് നവ്യാനുഭൂതി പകർന്ന് ചെണ്ടുമല്ലി പൂക്കൾ പാർക്കിൻ്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് പാർക്ക് അധികൃതർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *