വേള്‍ഡ് ഡേ ഓഫ് റിമെംബറന്‍സ് ഫോര്‍ ട്രാഫിക് റോഡ് വിക്ടിംസ്
കല്‍പ്പറ്റ: റോഡപകടത്തില്‍ ഏറിയ പങ്കും മനുഷ്യ നിര്‍മ്മിതവും അശ്രദ്ധയും അമിത വേഗതയും അതില്‍ പ്രധാനമാണ്. ഒരിക്കലും തിരിച്ച് വരാനാകാത്ത വിധത്തില്‍ നാം നമുക്ക് തന്നെ ഒരുക്കുന്ന കെണിയാണ് റോഡപകടങ്ങള്‍ എന്ന് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മ്മ ദിനത്തില്‍ സന്ദേശം നല്‍കി. ലോകമെമ്പാടും റോഡ് അപകടത്തില്‍ മരണപ്പെട്ടവരുടെ ഓര്‍മ ദിവസമായി ആചരിക്കുന്ന നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച വയനാട് ജില്ലാ ഭരണ കൂടത്തിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ 2022 ജനുവരി മുതല്‍ ഇന്നേ ദിവസം വരെ ഏറ്റവും കൂടുതല്‍ അപകടങ്ങളും, അപകട മരണങ്ങളും നടന്ന നാഷണല്‍ ഹൈവേയിലെ വാര്യാട് വെച്ച് ഓര്‍മ ദിവസം ആചരിച്ചു. പ്രസ്തുത ചടങ്ങില്‍ എം.എല്‍.എ റോഡ് സുരക്ഷാ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കൂടാതെ റോഡ് അപകടത്തില്‍ മരണപ്പെട്ടവരുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി തെളിയിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. റോഡ് അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി താത്കാലിക സ്പീഡ് ബ്രേക്കര്‍ മീനങ്ങാടി പോലീസിന് എം ല്‍ എ കൈമാറി. കഴിഞ്ഞ മാസം ഏഴാം തിയ്യതി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമായാണ് സ്പീഡ് ബ്രെയ്ക്കര്‍ കൈമാറിയതും, മുട്ടില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ വെളിച്ച കുറവ് പരിഹരിക്കുന്നതിന് വേണ്ടി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതും തുടർ പ്രവർത്തനത്തിന്റെ ഭാഗമായി നാഷണല്‍ ഹൈവേ നിര്‍ദ്ദേശിച്ച പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് തയ്യറാക്കുകയും പ്രദേശത്ത് അടിയന്തിര പ്രാധാന്യം നല്‍കി ഫണ്ട് അനുവദിക്കുന്നതിനായി റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. പ്രസ്തുത ചടങ്ങില്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ സന്ദേശം അടങ്ങിയ ഹൃസ്വ ചിത്രമായ വിടരും മുന്‍പേ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രിക, മുട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീദേവി, മേരി എന്‍ഫോഴ്‌സ്‌മെന്റ്‌റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ അനൂപ് വര്‍ക്കി,റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ഇ മോഹന്‍ദാസ് , അജിത്കുമാര്‍ എസ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, വിനീത് വി വി മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരായ സുജിത് ആര്‍, സുമേഷ് പി എ, റെജി എം വി, സൗരഭ് കെ സി, ശരത്കുമാര്‍, ബിനു തോമസ് , ഹംസ വാര്യാട് , അഷറഫ് കൊട്ടാരം, റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വാര്യാട് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍, വാര്‍സോ പ്രവര്‍ത്തകര്‍, പള്‍സ് എമര്‍ജന്‍സി പ്രവര്‍ത്തകര്‍, അമാന ടയോട്ട യുടെ ജീവനക്കാര്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുത്തു.
Leave a Reply