പനമരം ടൗണിലെ സീബ്രാലൈൻ വീണ്ടും പുനഃസ്ഥാപിച്ച് പനമരം പൗരസമിതി
പനമരം : ജില്ലയിലെ പ്രധാന ടൗണുകളിൽ ഒന്നായ പനമരത്ത് വീണ്ടും സീബ്രാവരകൾ പുനഃസ്ഥാപിച്ച് പനമരം പൗരസമിതി പ്രവർത്തകർ മാതൃകയായി. ഏഴ് മാസത്തിന് മുകളിൽ വരകൾ മാഞ്ഞിട്ടും അധികൃതർ സീബ്ര ഒരുക്കാത്തതിൽ പ്രതിഷേധിച്ച് ഒരു വർഷം മുമ്പും പനമരത്ത് പൗരസമിതി സീബ്രാലൈൻ വരച്ചിരുന്നു.
ദിനംപ്രതി നൂറു കണക്കിന് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ എത്തുന്ന ഇവിടെ റോഡ് മുറിച്ചു കടക്കണമെങ്കിൽ ജീവൻ പണയം വെക്കേണ്ട ഗതികേടാണ്. പനമരം പാലംകവല, ആശുപത്രികവല, ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് പൗരസമിതി പ്രവർത്തകർ സീബ്രാലൈൻ ഒരുക്കിയത്. മാഞ്ഞുപോയ വരകളൊരുക്കാൻ ബന്ധപ്പെട്ടവർ നിസ്സംഗത കാണിക്കുന്നത് ഏറെ അപലപനീയമാണെന്ന് പൗരസമിതിയംഗങ്ങൾ പറഞ്ഞു. കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.
പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, ട്രഷറർ വി.ബി രാജൻ, അംഗങ്ങളായ സജി എക്സൽ, ടി. ഖാലിദ്, ടി.പി സുരേഷ് കുമാർ, ഇ.മുളീധരൻ, പെയിന്റർ രാജേഷ്, വിഷ്ണു മാതോത്ത്പൊയിൽ തുടങ്ങിയവർ നേതൃത്വം നൽകി. പനമരത്തെ അക്സ ഹാർഡ് വെയർ, സുലൈമാൻ മുരിക്കഞ്ചേരി, ജോയി ജാസ്മിൻ, കെ.ടി ഇസ്മായിൽ, ജസീർ സൈഡ് വ്യൂ എന്നിവർ സഹകരിച്ചു.
സീബ്രാലൈൻ ഇല്ലാത്ത കൽപ്പറ്റ – മാനന്തവാടി സംസ്ഥാന പാതയിൽപ്പെടുന്ന പനമരം ടൗണിൽ വാഹനങ്ങളുടെ അതിപ്രസരം ഇവിടെ എത്തുന്ന സ്കൂൾ കുട്ടികൾക്കും , കാൽനടയാത്രക്കാർക്കും വിനായായി തീർന്നിട്ടും ബന്ധപ്പെട്ടവർ സീബ്രാലൈൻ പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പരിഹാരം കാണാത്തതിനെ തുടർന്നാണ് പനമരത്തെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ പൗരസമിതിയംഗങ്ങൾ സീബ്രാലൈൻ വരച്ച് മാതൃകയായത്. ഒരു വർഷം മുമ്പ് സംസ്ഥാന പാതയിലെ കമ്പളക്കാട് ടൗണിലും പ്രവർത്തകർ സീബ്രാ ലൈൻ ഒരുക്കിയിരുന്നു.
Leave a Reply