March 29, 2024

അതിദാരിദ്ര നിര്‍മ്മാര്‍ജനം ; ഡിസംബര്‍ 31 നകം അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കണം: ജില്ലാ ആസൂത്രണ സമിതി

0
Img 20221220 Wa00662.jpg
കൽപ്പറ്റ : അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണ ഭോക്താക്കള്‍ക്കും ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ഡിസംബര്‍ 31 നകം ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍മാനുമായ സംഷാദ് മരക്കാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. ജില്ലയില്‍ നിലവില്‍ 2931 കുടുംബങ്ങളില്‍ നിന്നായി 4533 പേരെയാണ് അതിദാരിദ്ര്യരായി കണ്ടെത്തിയിട്ടുളളത്. ഇവരില്‍ 393 പേര്‍ക്കാണ് അവശ്യ രേഖകള്‍ ലഭ്യമാകാ നുളളത്. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന എ.ബി.സി.ഡി ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നതോടെ പരമാവധി പേര്‍ക്ക് രേഖകള്‍ ലഭ്യമാകു മെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു. 
ദാരിദ്ര ലഘൂകരണത്തിന് മാര്‍ഗ്ഗരേഖ പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ ഏറ്റെടുക്കാമെന്ന് ആസൂത്രണ സമിതി യോഗം അറിയിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ അധിക വിഭവ സമാഹരണവും നടത്താവുന്നതാണ്. ദാരിദ്ര ലഘൂകരണ വുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ക്ക് 2023-24 കാലയളവില്‍ നടപ്പിലാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ച് ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് യോഗത്തില്‍ വിശദീകരിച്ചു. 
2016-17 മുതല്‍ അനുവദിച്ച പട്ടികവര്‍ഗ്ഗക്കാരുടെ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ആസൂത്രണ സമിതി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നോളജ് എക്കണോമി മിഷന്റെ 'തൊഴിലരങ്ങത്തേക്ക്' പ്രത്യേക തൊഴില്‍ പദ്ധതി സംബന്ധിച്ച് കേരള നോളജ്് എക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല വിഷയാവതരണം നടത്തി. അറുപത് ദിവസം കൊണ്ട് ആയിരം സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി യാണ് 'തൊഴിലരങ്ങത്തേക്ക്'. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
2023-24 വാര്‍ഷിക പദ്ധതി അവലോകനം, വാര്‍ഷിക പദ്ധതിയിലെ സംയുക്ത,സംയോജിത നൂതന പദ്ധതികളുടെ അവതരണം എന്നിവയും നടന്നു. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *