September 19, 2026

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം:നിയമപരമായ പരിഹാരത്തിന് റിട്ട. ജഡ്ജിയെ നിയോഗിക്കും: മന്ത്രി ഷിബു ബേബി ജോണ്‍

0
IMG_20260919_170510
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ സേവനം ലഭ്യമാക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വനം-കൃഷി വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കാഞ്ഞിരത്തിനാള്‍ ജോര്‍ജ്ജിന്റെ ഭൂമി നിയമപരമായി കുടുംബത്തിന് തിരികെ നല്‍കാനുള്ള നിയമ സാധ്യതകള്‍ പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജിയെ സഹായിക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനം- റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. നിയമ സാധ്യതകള്‍ പരിശോധിച്ച് ഒരു മാസത്തിനകം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ട്രിബ്യൂണല്‍, ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ചുകളുടെ വ്യത്യസ്ത വിധികള്‍, വിധിന്യായങ്ങള്‍ നിലവിലുള്ളതിനാലാണ് കേസ് നിയമപരമായി സങ്കീര്‍ണ്ണമായത്. സര്‍ക്കാര്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനൊപ്പമാണെന്നും ഭൂമി പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് ജില്ലയിലെത്തിയതെങ്കിലും കോടതി വിധിയുള്ള സാഹചര്യത്തില്‍ സമിതി വിഷയം പഠിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ നിസഹായവസ്ഥ കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വയനാട് കളക്ടറേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനോട് സമരം അവസാനിപ്പിക്കണമെന്നും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *