ആദിവാസി വിഭാഗത്തിൽ പാശ്ചാത്യ സംസ്‌കാരം കടന്നുകയറ്റം നടത്തുന്നു: പദ്മശ്രി ചെറുവയൽ കെ. രാമൻ

കൽപ്പറ്റ: ആദിവാസി വിഭാഗത്തിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്ന് കയറ്റം മൂലം ഗോത്രവിഭാഗത്തിന്റെ തനത് സംസ്‌കാരം ഇല്ലാതാകുന്നു എന്ന് പദ്മശ്രീ ചെറുവയൽ കെ. രാമൻ. കണിയാമ്പറ്റ നിവേദിത വിദ്യാനിക്തൻ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ഗോത്രകലാ അരങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്മശ്രീ പുരസ്‌കാരം ലഭിച്ച ശേഷം ആദ്യമായാണ് ചെറുവയൽ രാമൻ ഒരു പൊതു പരിപാടിയിൽ സംസാരിക്കുന്നത്. കുറിച്ച്യ സമുദായം ഇന്ന് നാട്ടിൽ 15 ശതമാനമേ ശേഷിക്കുന്നുള്ളു. വയനാട് ജില്ലയിൽ ആകെ 15000 കുറിച്ച്യ സമുദായക്കാരേ ഇപ്പോൾ ഉള്ളു. ഞാൻ പാരമ്പര്യ നെൽ വിത്തുകൾ സംരക്ഷിച്ചത് പോലെ സംസ്‌കാരം സംരക്ഷിക്കാൻ പുതുതലമുറ തയാറാകണം. ആദിവാസി സംസ്‌കാരം എന്ന് പറഞ്ഞാൽ ഒരു കാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരാണ്. ചികിത്സ, ഭക്ഷണം, ജീവിതരീതി എന്നിവയെല്ലാം സ്വയം നടത്താൽ കഴിവുള്ളവരാണ്. ഇത് പുനപ്രാവർത്തികമാക്കണം. ലോകരാജ്യങ്ങളിൽ വെച്ച് ഏറ്റവും നല്ല ഭരണഘടനയും ആദിവാസി സംരക്ഷണ നിയമങ്ങളിലും പ്രവർത്തങ്ങളും നടത്തുന്നതിൽ മുന്നിൽ ഭാരതമാണ്. പക്ഷേ ആദിവാസികൾ എന്ത് കഴിക്കണം എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരാണ് ഇതു ശരിയല്ല. പരമ്പരാഗതമായ ഭക്ഷണ രീതികൾ പിൻതുടരാനുള്ള അവകാശം ആദിവാസികൾക്ക് നൽകണം. എഴുപതോളം രാജ്യങ്ങളിൽ ആദിവാസി വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ സമ്മേളനം ബ്രസീലിൽ നടന്നിരുന്നു അതിൽ രാജ്യത്തിന് വേണ്ടി പങ്കെടുത്തത് താനാണ് അന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഭരതത്തിൽ ആദിവാസികൾക്ക് നൽകുന്ന പരിഗണനയെകുറിച്ച് തന്നോട് വാചാലരായത് അഭിമാനം നൽകിയ നിമിഷമാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ജനറൽ കൺവീനർ സുഷാന്ത് നരിക്കോടൻ അധ്യക്ഷത വഹിച്ചു. കേരള ഗോത്രകലാ പ്രമുഖ് ടി.വി. പ്രേംസായി സ്വാഗതവും പി.സി.സുരേഷ് കുമാർ നന്ദിയും പറഞ്ഞ ചടങ്ങിൽ വനവാസി കല്യാൺ ആശ്രമം ദേശീയ ഗോത്രകലാ മുഖ് ബീർബൽ സിംഗ്,
വനജാതി സുരക്ഷാ മഞ്ച് അഖിലഭാരതീയ സഹ സംഘടന സെക്രട്ടറി ഡോ. രാജ് കിഷോർ ഹസ്ത, തപസ്യ ജില്ലാ പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് കെ.സി. പൈതൽ, പള്ളിയറ രാമൻ, അന്തൻ കാനഞ്ചേരി, പത്മനാഭൻ, എൻ.കെ. ചാമി, രാജൻ, കൊച്ചങ്കോട് ഗോവിന്ദൻ, എ.നാരായണൻ, ഗോത്ര ഗായിക രേണുക ,പ്രിയ എന്നിവർ പങ്കെടുത്തു.



Leave a Reply