കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് തുടങ്ങി

കൽപ്പറ്റ : വയനാട് കളക്ടറേറ്റ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് ആരംഭിച്ചു. ആധാർ അധിഷ്ഠിത പഞ്ചിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിർവഹിച്ചു. സിവില്‍ സ്റ്റേഷനില്‍ റവന്യു വിഭാഗം, സര്‍വ്വെ വകുപ്പ്, ആര്‍.ടി.ഒ, സാമൂഹ്യ ക്ഷേമ വകുപ്പ്, ഐ.സി.ഡി.എസ്, ജില്ലാ പ്രബോഷന്‍ ഓഫീസ്, ജില്ലാ സപ്ലൈ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, പി.ഡബ്ല്യു.ഡി റോഡ്‌സ് തുടങ്ങിയ ഓഫീസുകളില്‍ പഞ്ചിംഗ് തുടങ്ങി. മുഴുവന്‍ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂരോഗമിക്കുന്നു.
സിവില്‍സ്റ്റേഷനില്‍ അഞ്ച് പഞ്ചിംഗ് മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമായി. ബാക്കി ഉടൻ സ്ഥാപിക്കും. ഓഫീസില്‍ പ്രവേശിക്കുമ്പോഴും ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴും പഞ്ചിംഗ് നിര്‍ബന്ധമാണ്. ആധാറിന്റെ അവസാനത്തെ എട്ട് അക്കങ്ങള്‍ രേഖപ്പെടുത്തി വിരലടയാളം നൽകി ആദ്യഘട്ടത്തില്‍ ജീവനക്കാര്‍ക്ക് പഞ്ചിംഗ് രേഖപ്പെടുത്താം. രണ്ടാംഘട്ടത്തില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് നല്‍കും. നിലവിൽ രാവിലെ 10.15 വൈകീട്ട് 5.15 എന്ന നിലയിലാണ് പഞ്ചിംഗ് സമയം ക്രമീകരിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ഒരു മാസത്തില്‍ 300 മിനിട്ട് ഗ്രേസ് ടൈം ലഭിക്കും. താമസിയാതെ ജീവനക്കാരുടെ സേവന, വേതന സംവിധാനം നിയന്ത്രിക്കുന്ന സ്പാര്‍ക്കുമായി ഇത് ബന്ധിപ്പിക്കും.
സിവില്‍ സ്റ്റേഷനില്‍ കെല്‍ട്രോണ്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കളക്ട്രേറ്റ് ഐ.ടി സെല്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയാണ് പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിംഗ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. എ.ഡി.എം എന്‍.ഐ ഷാജു, കളക്ട്രേറ്റ് പഞ്ചിംഗ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ. ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, വി. അബൂബക്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഹുസൂര്‍ ശിരസ്തദാര്‍ ടി.പി അബ്ദുള്‍ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply