ആദിദേവ് കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

മേപ്പാടി: നാലു വയസ്സുകാരൻ ആദിദേവിന്റെ കൊലപാതകത്തിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കൽപ്പറ്റ ജെ എഫ് എം സി കോടതി മുമ്പാകെ സമർപ്പിച്ചു. 2022 നവംബർ മാസം പതിനേഴാം തീയതിയാണ് നത്തംകുനി പാറക്കൽ വീട്ടിൽ ജയപ്രകാശ്- അനില ദമ്പതികളുടെ നാലു വയസ്സുകാരനായ മകൻ ആദിദേവിനെ അയൽവാസിയും അച്ഛന്റെ സുഹൃത്തുമായ ജിതേഷ് (45) വാക്കത്തിക്ക് വെട്ടിക്കൊന്നത്. കുട്ടിയുടെ അച്ഛനമ്മമാരുമായുള്ള വഴക്കിന് പ്രതികാരമായാണ് അമ്മയോടൊപ്പം രാവിലെ അംഗൻവാടിയിൽ പോവുകയായിരുന്ന കുട്ടിയെ പൊതു വഴിയിൽ വച്ച് ദാരുണമായി വെട്ടിക്കൊന്നത് . സംഭവത്തിൽ അമ്മ അനിലക്കും ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. 75 പേരെ സാക്ഷികൾ ആക്കിയ കുറ്റപത്രത്തിൽ ശാസ്ത്രീയ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി 200ഓളം ആളുകളെ കണ്ട് ചോദ്യം ചെയ്തിട്ടുണ്ട്.അന്വേഷണത്തിനിടയിൽ പ്രതിയുടെ ഫോണിൽ നിന്നും “കുട്ടിയെ കൊന്ന് മാതാപിതാക്കളോട് പകരം ചോദിക്കും” എന്ന് പ്രതി പറയുന്ന വോയിസ് ക്ലിപ്പും, പ്രതിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്ത മരണപ്പെട്ട കുട്ടിയുടെ രക്തത്തുള്ളികളും നിർണായക തെളിവുകൾ ആകും. ഫോറൻസിക് വോയിസ് കമ്പാരിസൺ, ഡിഎൻഎ പ്രൊഫൈലിംഗ് എന്നിവ അടക്കം നൂതന ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവം നടന്ന് 81 ആം ദിവസമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. മേപ്പാടി സി ഐ എ.ബി വിപിൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. മേപ്പാടി പോലീസ് സ്റ്റേഷൻ എസ് ഐ സിറാജ്, എസ് സി പി ഓ മാരായ നജീബ്, മുജീബ്, നൗഫൽ, പ്രശാന്ത്, ഷബീർ,ഗിരിജ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply