ഹരികുമാറിന്‍റെ ആത്മഹത്യ; വനം വകുപ്പ് മന്ത്രിക്ക് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കത്ത് നൽകി

ബത്തേരി: അമ്പലവയൽ അമ്പുകുത്തിയിൽ കടുവ ചത്ത സംഭവത്തിന്‍റെ ആദ്യ ദൃക്സാക്ഷിയായ ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. ഈ ആവശ്യം വ്യക്തമാക്കികൊണ്ട് വനം -വന്യജീവി വകുപ്പ് മന്ത്രിക്ക് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നേരിട്ട് കത്തു നൽകി.എടക്കൽ ടൂറിസം മേഖലയിലും പൊൻമുടിക്കോട്ട പ്രദേശത്തും കഴിഞ്ഞ മൂന്നുമാസത്തിലധികമായി കടുവ ഭീഷണിയെതുടർന്ന് ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഇവിടത്തെ ജനജീവിതം തന്നെ ദുസഹമായ അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം അമ്പുകുത്തി പ്രദേശത്ത് കടുവ ചത്തത് ആദ്യം കണ്ടത് ഹരികുമാറാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നുണ്ടായ ചോദ്യം ചെയ്യലിനെതുടർന്നുണ്ടായ മാനസിക സമ്മർദത്തെതുടർന്നാണ് ഹരികുമാർ ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം വ്യക്തമാക്കിയിട്ടുള്ളത്. കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടുവെന്ന 'തെറ്റ്' മാത്രമെ നിരപരാധിയായ ഹരികുമാർ ചെയ്തിട്ടുള്ളു. എന്നിട്ടും സമ്മർദം താങ്ങാനാകാതെ അദ്ദേഹം ജീവനൊടുക്കിയെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്. കടുവയെ ചത്ത നിലയിൽ കണ്ട സംഭവത്തിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരമായി അദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് ആരോപണം.
കടുവ കുരുക്കിൽപ്പെട്ട് ചത്തത് മുഹമ്മദ് എന്ന പ്രദേശവാസിയുടെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലാണ്. എഴുന്നേറ്റ് നടക്കാൽ പോലും കഴിയാത്ത വയോധികനായ മുഹമ്മദിനെ പ്രതി ചേർത്ത സാഹചര്യവും നിലവിലുണ്ട്. വനത്തിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടുവ ചത്ത സംഭവത്തിൽ മുഹമ്മദിനെതിരെ കേസെടുത്തതിന്‍റെ പ്രതിഷേധങ്ങൾക്കിടെയാണ് ഇപ്പോൾ ഹരികുമാറിന്‍റെ മരണം നാടിനെ ഞെട്ടിച്ചിരിക്കുന്നത്. ഈ സംഭവത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുകയുണ്ടായി. സംഭവത്തിൽ പക്ഷപാത രഹിതമായ സമഗ്ര അന്വേഷണം നടത്തി ഹരികുമാറിന്‍റെ മരണത്തിന് പിന്നിലെ വസ്തുകൾ പുറത്തുകൊണ്ടുവരണമെന്നും കുടുംബാംഗങ്ങളുടെ പരാതി അന്വേഷിക്കണമെന്നും വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. തെറ്റുകാരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു. വിഷയുമായി ബന്ധപ്പെട്ട് സമഗ്ര റിപ്പോർട്ട് ലഭിക്കുന്നതിന് വനം -വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ടെന്നും ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വ്യക്തമാക്കി.



Leave a Reply