വിശ്വനാഥന്റെ മരണത്തിൽ കേസെടുത്ത് ദേശീയ പട്ടിക വർഗ കമ്മീഷൻ

കൽപ്പറ്റ : മെഡിക്കല്‍ കോളേജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ഡിജിപി അനില്‍ കാന്തിനും, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ നരസിം ഹുഗാരി റെഡ്ഡിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണയ്ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് സമര്‍പ്പിക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നു.
കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഏതൊക്കെയെന്ന് വിശദമാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങള്‍ക്ക് പുറമെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കേസ് സംബന്ധിച്ച വിവരങ്ങളും തേടിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ കത്ത് വഴിയോ നേരിട്ടോ മറ്റ് മാര്‍ഗങ്ങളിലോ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലെങ്കില്‍ സിവില്‍ കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ മൂന്ന് ഉദ്യോഗസ്ഥരോടും ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട്ടെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപത്തെ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതെയെന്നും വിശ്വനാഥന്റെ ഭാര്യാ മാതാവ് ലീല ആരോപിച്ചിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്.



Leave a Reply