March 21, 2023

വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള തുടങ്ങി

IMG_20230215_210458.jpg
കൽപ്പറ്റ : സംസ്ഥാന വ്യവസായ വാണിജ്യവകുപ്പ് കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഇന്‍ഡ് എക്‌സ്‌പൊ 2023 ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മുനിസിപ്പൽ കൗൺസിലർ പി.ജെ. റെജുല അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിൽ സമാനതകളില്ലാത്ത മുന്നേറ്റം നടത്തി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന വയനാട് ജില്ലയെ എം.എൽ.എ അഭിനന്ദിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ ഉദ്പ്പാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനത്തിനായി 66 സ്റ്റാളുകൾ മേളയിലൊരുക്കിയിട്ടുണ്ട്. കൈത്തറി, വസ്ത്ര നിർമ്മാണം, കരകൗശല വസ്തുക്കൾ, മുളയുൽപ്പന്നങ്ങൾ, മൺപാത്ര നിർമ്മാണം എന്നിവയുടെ തത്സമയ നിർമ്മാണ പ്രദർശനവും മേളയിലൊരുക്കിയിട്ടുണ്ട്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ,ജില്ലാ ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് ടി.ടി. ജെയ്സൻ, വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വൈത്തിരി ഉപജില്ലാ താലൂക്ക് ഓഫീസർ എൻ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു. കല്‍പ്പറ്റ ലളിത് മഹല്‍ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20 വരെ വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള നടക്കും.
മേളയോടനുബന്ധിച്ച് ഫെബ്രുവരി 16 മുതല്‍ 19 വരെ വിവിധ കലാ പരിപാടികള്‍ നടക്കും. 16 ന് വൈകീട്ട് 6 മുതല്‍ കൊല്ലം വിഷ്ണുപ്രിയ ശ്യാം നയിക്കുന്ന ഗസല്‍ സന്ധ്യയും തുടര്‍ന്ന് കോഴിക്കോട് രഘുലാല്‍ നയിക്കുന്ന സ്റ്റാന്റ് അപ് കോമഡി ഷോയും നടക്കും. 17 ന് വൈകീട്ട് 6 മുതല്‍ വയനാട് ഗോത്ര കലാസംഘം തുടിതാളം തനത് ഗോത്ര നാടന്‍ പാട്ട് അവതരിപ്പിക്കും. 18 ന് വൈകീട്ട് 6 മുതല്‍ നിലമ്പൂര്‍ ടോം ജോസ് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. 19 ന് 6 മുതല്‍ നാട്യരത്‌ന മനോജും സംഘവും നൃത്ത സന്ധ്യ അവതരിപ്പിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *