ഇസ്ലാം മനുഷ്യ വ്യവഹാരങ്ങളെ മുഴുവനും ഉള്‍ക്കൊള്ളുന്ന സാമൂഹിക വ്യവസ്ഥ്തി: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

വെങ്ങപ്പള്ളി : മനുഷ്യ വ്യവഹാരങ്ങളെ മുഴുവനും ഉള്‍ക്കൊള്ളുന്ന കാലിക മതമാണ് ഇസ് ലാമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ 20ാം വാര്‍ഷിക മൂന്നാം സനദ് ദാന സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാം ഒന്നിനെ കുറിച്ചും മൗനം പാലിക്കുന്നില്ല. മനഷ്യനെയും മറ്റിതര വസ്തുക്കളെയും ഉള്‍ക്കൊള്ളുന്ന സകല കാര്യങ്ങളിലും വ്യക്തമായ നിലപാടുണ്ട്. മനുഷ്യത്തപരവും നീതിയുക്തവുമായ ഇടപെടലാണ് ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നത്. പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും ലോകം ഇസ് ലാമിനെ കൂടുതല്‍ പഠിക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാവുന്നു എന്നതാണ് യാഥാര്‍ത്യം. ഇസ്ലാമിനെ മതമായല്ല ലോകം കാണുന്നത് അതൊരു സാമൂഹിക വ്യവസ്ഥിതിയാണ് ലോകം നോക്കിക്കാണുന്നത്. അത് ലോകത്ത് ഇസ്ലാമിന് മാത്രം ലഭിക്കുന്ന അംഗീകാരമാണ്. അത് മനുഷ്യത്വപരമായ ഇസ്ലാമിന്റെ ഇടപെടലുകള്‍ കൊണ്ടാണ് ലഭിക്കുന്നത്. സാമൂഹിക-സാമ്പത്തിക കാര്യങ്ങളിലെല്ലാം തന്നെ ഇസ്ലാം നിലനിര്‍ത്തി പോരുന്ന ജനാധിപത്യ ബോധമാണ് അതിന് പ്രാപ്തമാക്കിയത്. നീതിയിലധിഷ്ടിതമായ ചര്യകളാണ് ഇസ്ലാമിന്റേതെന്ന് ലോകം തന്നെ എത്രയോ തവണ അംഗീകരിച്ചിട്ടുണ്ട്. ലോകം സാമ്പത്തികമായി വളര്‍ന്നു കൊണ്ടിരിക്കുന്നെന്ന് അവകാശപ്പെടുമ്പോഴെല്ലാം സാമ്പത്തികമായി ലോകം തകര്‍ച്ചയുടെ വക്കിലാണെന്നതാണ് യഥാര്‍ത വസ്തുത. അതിന് കാരണം മനുഷ്യത്വമില്ലാത്ത സാമ്പത്തിക കൈകാര്യമാണ്. ആധുനിക ബുദ്ധിജീവികള്‍ തന്നെ പറയുന്നത് മനുഷ്യത്വത്തിലൂന്നി മാത്രം സമ്പത്തിനെ കൈകാര്യം ചെയ്‌തെങ്കില്‍ മാത്രമേ വളര്‍ച്ചയുണ്ടാവൂ എന്നതാണ്. ഇതാണ് നൂറ്റാണ്ടുകളായി ഇസ്ലാം പറഞ്ഞു കൊണ്ടിരിക്കുന്നതും. ഇതെല്ലാം ലോകം ഇസ്ലാമിനെ മനസിലാക്കി എന്നതാണ് വ്യക്തമാകുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അറിവാണ് നമ്മുടെ ജീവന്‍. പഠനൂട്ടി-ദഅവാ രംഗങ്ങളില്‍ കാലികമായ അപ്‌ഡേഷന്‍ ആവശ്യമാണ്. വെങ്ങപ്പള്ളി അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വാഫികള്‍ക്ക് അതിന് സാധ്യമാകും. കാരണം എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച അക്കാദമി ഇച്ചാശക്തി കൊണ്ടാണ് ഈ വികാസത്തിലെത്തിയതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനത്തില്‍ വി മൂസക്കോയ മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹീം ഫൈസി പേരാല്‍ സ്വാഗതം പറഞ്ഞു. സമസ്ത വയനാട് ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ് ലിയാര്‍ അധ്യക്ഷനായി. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാനവും സനദ് ദാന പ്രഭാഷണവും നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആമുഖ്യപ്രഭാഷണം നടത്തി. സി.ഐ.സി വൈസ് പ്രസിഡന്റ് കെ.ആര്‍ അബ്ദുറഹ്മാന്‍ മുസ് ലിയാര്‍, അബൂബക്കര്‍ ഖാസിമി തൃശൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പാണക്കാട് സയ്യിദ് ശഹീറലി തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.



Leave a Reply