ദേവസ്വം ഭൂമിയുടെ അവകാശം ദേവസ്വത്തിന് നല്‍കണം

പുല്‍പ്പള്ളി: ദേവസ്വത്തിന്റെ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ ഭക്തജനം സമരത്തിനൊരുങ്ങുന്നു. സീതാദേവി ലവ-കുശ ക്ഷേത്രാങ്കണത്തില്‍ ക്ഷേത്രവികസനസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് പ്രക്ഷോഭം തുടങ്ങാന്‍ തീരുമാനിച്ചത്. പുല്‍പ്പള്ളി ടൗണില്‍ ബസ് സ്റ്റാന്‍ഡിനോടുചേര്‍ന്നുള്ള 17 സെന്റോളം ദേവസ്വം ഭൂമിയുടെ അവകാശം ദേവസ്വത്തിന് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. മുമ്പ് ഈ സ്ഥലത്ത് സ്ഥാപനങ്ങള്‍ നടത്തിയിരുന്നവരാണ് ഭൂമിയില്‍ അവകാശമുന്നയിച്ച് കോടതിയെ സമീപിച്ചത്. എന്നാല്‍ 2010ല്‍, കൈവശംവെച്ചയാള്‍ക്കോ കൈമാറ്റക്കാര്‍ക്കോ ഭൂമിയില്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.മറ്റുചിലര്‍ ഭൂമിയില്‍ അവകാശമുന്നയിച്ച് വീണ്ടും കോടതിയെ സമീപിച്ചതോടെ ദേവസ്വം ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ നീണ്ടുപോയി. നിലവില്‍ പുല്‍പ്പള്ളി വില്ലേജ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് ഭൂമിയുള്ളത്.
ആര്‍.ഡി.ഒ.യില്‍നിന്ന് അനുകൂലറിപ്പോര്‍ട്ട് ലഭിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയാല്‍ ദേവസ്വത്തിന് ഭൂമിയേറ്റെടുക്കാനാകും. എന്നാല്‍, ചില സമ്മര്‍ദങ്ങള്‍ക്കുവഴങ്ങി ഉന്നതോദ്യോഗസ്ഥര്‍ നടപടി വൈകിപ്പിക്കുന്നെന്നാണ് ആരോപണം. ക്ഷേത്രത്തിന്റെ ഭൂമി അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന നിലപാടിലാണ് ഭക്തജനമുള്ളത്. ഭക്തജനത്തെ അണിനിരത്തി സബ് കളക്ടറുടെ ഓഫീസിനുമുമ്പിലടക്കം സമരം തുടങ്ങാനാണ് തീരുമാനം.
നാടിന്റെ വികസനത്തിനായി ആയിരക്കണക്കിന് ഏക്കര്‍ഭൂമി ദാനംനല്‍കിയ മുരിക്കന്മാര്‍ ദേവസ്വം, പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് വികസനത്തിനായും അടുത്തിടെ 73 സെന്റ് സ്ഥലം പഞ്ചായത്തിന് പാട്ടത്തിന് നല്‍കിയിരുന്നു.
എന്നാല്‍, ക്ഷേത്രത്തെയും ഭക്തജനത്തെയും കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷിയോഗത്തിലുണ്ടായത്. ക്ഷേത്രം വികസനസമിതി ചെയര്‍മാന്‍ എന്‍. വാമദേവന്‍, ജന. കണ്‍വീനര്‍ ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, വിജയന്‍ കുടിലില്‍, കെ.ഡി. ഷാജിദാസ്, പി.ആര്‍. തൃദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply