March 27, 2023

‘എന്റെ പൈക്കിടാവ്’ പദ്ധതി മൃഗസംരക്ഷണ മേഖലയ്ക്ക് മാതൃകയാവുന്നു

IMG_20230304_090319.jpg
പുൽപ്പള്ളി : മൃഗസംരക്ഷണ ക്ഷീരമേഖലയിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന 'എന്റെ പൈക്കിടാവ്' എന്ന നൂതനവും വ്യത്യസ്തവുമായ പദ്ധതി കർഷകർക്ക് പ്രിയങ്കരമാവുന്നു. മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വകുപ്പ് അനുവദിച്ച 5 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 22-23 വാർഷിക പദ്ധതി യിൽ അനുവദിച്ച 5 ലക്ഷം രൂപയും ഉപയോഗിച്ച് 100 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയത്.ആറുമാസം മുതൽ ഗർഭിണികളായ പശുക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . കൃത്യമായ സമയക്രമങ്ങളിൽ പ്രത്യേക തരം മരുന്നുകളും ധാതുലവണ മിശ്രിതങ്ങളും ചില തരം പോഷകങ്ങളും അധിക അളവിൽ കാലിത്തീറ്റയും ഗർഭകാല സംരക്ഷണത്തിന്റെ ഭാഗമായി നൽകുന്നു. സുഖപ്രസവം ഉറപ്പു വരുത്തുന്നതോടൊപ്പം പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള മരുന്നുകളും ഇതോടൊപ്പം നൽകുന്നു. ഈ രീതി പരീക്ഷിക്കുന്നതിലൂടെ  ഉൽപാദനത്തിൽ 40% ത്തോളം പാലിന്റെ  വർദ്ധനവാണ് കണ്ടെത്തിയിട്ടുള്ളത്. പ്രസവിച്ച പശുക്കളിൽ നീണ്ട നാൾ  ഏറ്റക്കുറവില്ലാത്ത ഉൽപാദനവും  ഗുണമേന്മയുള്ള പാലിന്റെ ലഭ്യതയും ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്.അകിടു വീക്കം, പാദങ്ങൾ ദ്രവിക്കുന്നത് മൂലമുള്ള  കൈകാൽ വേദന, കാൽസ്യക്കുറവ് മൂലം ഉള്ള വീഴ്ച, കീറ്റോസിസ് പോലെയുള്ള ഉപാപചയ രോഗങ്ങൾ, പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഒന്നുംതന്നെ ഈ പശുക്കളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
 കൂടാതെ ജനിക്കുന്ന കന്നുകുട്ടിക്ക് ആൺ പെൺ ഭേദമില്ലാതെ ഒന്നര മാസക്കാലം ആവശ്യാനുസരണംപാലും തുടർന്ന് കാഫ് സ്റ്റാർട്ടറും നൽകി വളർത്തുന്നതിനാൽ ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള നല്ല കന്നു കുട്ടികളെ സൃഷ്ടിച്ചെടുക്കാൻ ഈ പദ്ധതിയിലൂടെ കഴിയുന്നു. കന്നുക്കുട്ടിക്ക് നിശ്ചിത അളവിൽ പാൽ ലഭ്യത ഉറപ്പുവരുത്താൻ 8 ലിറ്റർ പാൽ സംഭരണ ശേഷിയുള്ള ഡി ലാവൽ കമ്പനിയുടെ ആയിരം രൂപ വിലമതിക്കുന്ന പാൽ ബക്കറ്റ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. കൂടാതെ ഗർഭിണി പശുക്കൾക്കും കന്നു കുട്ടികൾക്കും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നൽകാനുള്ള 5000 രൂപയുടെ മരുന്നുകളും  കർഷകർക്ക് നൽകി.നാലു മുതൽ അഞ്ചു മാസക്കാലം കന്നു കുട്ടികൾക്ക് എന്റെ പൈക്കിടാവ്  പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. പശുക്കുട്ടി ആണെങ്കിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഗോവർദ്ധിനി  പദ്ധതിയിലേക്ക് കന്നുക്കുട്ടികളെ  ദത്തെടുക്കും.32 മാസം വരെയോ കന്നുകുട്ടി ഗർഭം ധരിച്ച് പ്രസവിക്കുന്നത് വരെയോ  പകുതി വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കും.
ഒരു വയസ്സ് പ്രായമാകുമ്പോഴേക്കും മദി ലക്ഷണം കാണിക്കുന്നതിനും
14 -16 മാസം പ്രായത്തിൽ ഗർഭം ധരിക്കുന്നതിനും സാഹചര്യമൊരുക്കുക കൂടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
 എന്റെ പൈക്കിടാവ് പദ്ധതിയുടെ ഉദ്ഘാടനം കന്നുകുട്ടിക്കുള്ള  പാൽ ഫീഡിങ് ബക്കറ്റും മരുന്നുകളും വിതരണം ചെയ്തുകൊണ്ട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. കെ എസ്.പ്രേമൻ പദ്ധതി വിശദീകരണവും കോഡിനേറ്റർ ആയ ബിനോയ് ജെയിംസ് സ്വാഗതവും ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ എ കെ രമേശൻ  എന്നിവർ സംസാരിച്ചു. വിതരണ പരിപാടികൾക്ക് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ റോഷ്ന സിഡി, സുനിത പി കെ, രതീഷ് പി കെ, ബിന്ദു എം ആർ, ജീവനക്കാരായ ബാബു പി  ഇ, ബേബി. ഒ,സന്തോഷ് കുമാർ പി ആർ, വി എം ജോസഫ്, സിജി സാബു, മാത്യു പി ജെ, ജയ സുരേഷ്  തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *