അമ്മയുടെയും മകളുടെയും അപകട മരണം നാടിന് വേദനയായി

മേപ്പാടി : നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോ യാത്രികരായ അമ്മയും മകളും മരിച്ചു.വടുവഞ്ചാൽ അമ്പലക്കുന്ന് കോട്ടേകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (76) ഇവരുടെ മകൾ അമ്പലവയൽ കാരച്ചാൽ മുട്ടത്തിൽ ബേബിയുടെ ഭാര്യ മോളി (56) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് -ഊട്ടി അന്തർ സംസ്ഥാന പാതയിൽ മേപ്പാടി ടൗണിന് സമീപം നെടുമ്പാല ജങ്ഷനിൽ മൂപ്പൈനാട് സെന്‍റ് ജോസഫ്സ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ചാണ് അപകടം മൂന്നു പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ തമിഴ്നാട് ചെന്നൈ സ്വദേശി പുരുഷോത്തമൻ (24), ഓട്ടോ ഡ്രൈവർമാരായ ഈങ്ങാപ്പുഴ കണ്ണപ്പൻകുണ്ട് പള്ളിക്കാലകത്ത് ഖാലിദ് (50), മേപ്പാടി സ്വദേശി ലതീഷ് ( 45 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. അടിവാരം ഈങ്ങാപ്പുഴയിലെ മൂത്ത മകളുടെ വീട്ടിൽ പോയി വടുവഞ്ചാലിലേക്ക് മടങ്ങിവരുകയായിരുന്നു മറിയക്കുട്ടിയും മോളിയും. ഖാലിദ് ഓടിച്ച ഓട്ടോറിക്ഷയിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. മേപ്പാടിയില്‍ നിന്ന് നെടുമ്പാല ഭാഗത്തേക്ക് പോവുന്ന രണ്ട് ഓട്ടോറിക്ഷകളിലേക്ക് റിപ്പണ്‍ ഭാഗത്ത് നിന്ന് വരുന്ന കാര്‍ പെട്ടെന്ന് ഇടിച്ചുകയറുകയായിരുന്നു. തമിഴ്നാട് ചെന്നൈ സ്വദേശികളായ വിനോദ സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യവും ലഭിച്ചു. മേപ്പാടി പൊലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹങ്ങൾ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മറിയക്കുട്ടിയുടെ മറ്റു മക്കൾ: ഓമന, ശോഭ, ബേബി, പരേതനായ സാബു. മരുമക്കൾ: ഏലിയാസ്, ഷാജി, ബേബി. മോളിയുടെ മക്കൾ: റിജേഷ്, അബി. മരുമക്കൾ: ഷാരോൺ, ബിജു.



Leave a Reply