വിവ’ ക്യാമ്പയിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം

കൽപ്പറ്റ : വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ആരംഭിച്ച 'വിവ കേരളം' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വഹിച്ചു. 15 നും 59 നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ സ്ത്രീകളും അനീമിയ അഥവാ വിളര്‍ച്ച പരിശോധനക്ക് വിധേയരാവണം. വിളര്‍ച്ചയുള്ളവര്‍ ചികിത്സയിലൂടെ ഇത് പരിഹരിക്കണമെന്നും രക്തപരിശോധന, ചികില്‍സ, ബോധവത്ക്കരണം എന്നിവയിലൂടെ മാത്രമേ അനീമിയ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളു. 'വിവ കേരളം' ക്യാമ്പയിനില്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ആയുഷ് ഡി.എം.ഒ ഡോ. പ്രീത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, അരുണിമ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ആരിഫ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സിവില്‍സ്‌റ്റേഷന്‍ പരിസരത്ത് പനമരം നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണ സ്‌കിറ്റ്, ഫ്ലാഷ് മോബ് എന്നിവയും അരങ്ങേറി. ഭാരതീയ ചികിത്സാവകുപ്പിന്റെ വിളര്‍ച്ചാ നിവാരണ പദ്ധതിയായ 'അരുണിമ'യുടെയും സിക്കിള്‍ സെല്‍ യൂണിറ്റിന്റെയും നേതൃത്ത്വത്തില്‍ വിളര്‍ച്ചയെ പ്രതിരോധിക്കാനായി ശീലിക്കേണ്ട ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള പോസ്റ്ററുകളുടെ പ്രദര്‍ശനവും ലഘുലേഖ വിതരണവും നടന്നു. വിവ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ അനീമിയ ചെക്അപ്പ് നടത്തി. തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ 290 സ്ത്രീ ജീവനക്കാരുടെ അനീമിയ പരിശോധനക്കായി മെഗാ രക്ത പരിശോധനയും നടത്തി. വിളര്‍ച്ച രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ക്ക് ആവശ്യമായ തുടര്‍നടപടികള്‍ നിര്‍ദ്ദേശിച്ചു. പട്ടിക വര്‍ഗ മേഖലകള്‍, ഓഫീസുകള്‍, എന്നിവിടങ്ങളിലും ആശുപത്രി, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, എന്നിവ കേന്ദ്രീകരിച്ചും തുടര്‍ ദിവസങ്ങളില്‍ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Leave a Reply