March 27, 2023

കലാലയത്തില്‍ ഒരു ഔഷധ ഉദ്യാനം; അശോകവനം ഒരുങ്ങി

IMG_20230306_182339.jpg
കൽപ്പറ്റ : കൊടും വേനലിനും ആരോഗ്യ ജീവനത്തിനും തണലായി കലാലയത്തില്‍ പ്രതീക്ഷയുടെ പച്ചതുരത്ത് അശോകവനം ഒരുങ്ങി. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ഹരിതകേരള മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് ഔഷധ സസ്യ ഉദ്യാനം അശോകവനം ഒരുങ്ങിയത്. കലാലയത്തോട് ചേര്‍ന്നുള്ള പത്ത് സെന്റോളം സ്ഥലത്താണ് ഇനി അശോക മരങ്ങളും ഔഷധ സസ്യങ്ങളും തണല്‍ വിരിക്കുക. 
കോളേജിലെ മൊട്ടക്കുന്നായിരുന്ന തരിശിടങ്ങളില്‍ ഒരു ജൈവ ഔഷധ സസ്യ ആവാസ ലോകത്തെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം. ഒപ്പം ഔഷധ സസ്യങ്ങളിലൂടെ പുതിയ തലമുറകളില്‍ ശരിയായ ആരോഗ്യജീവിത സന്ദേശം പകര്‍ന്നു നല്‍കുക എന്ന ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കേരളമിഷനാണ് ഉദ്യാന നിര്‍മ്മിതിക്കും പരിപാലനത്തിനുമായി മേല്‍നോട്ടം വഹിക്കുന്നത്. കോളേജ് എന്‍.എസ്.എസ് യൂണിറ്റുകള്‍ അശോകവനത്തിന്റെ സംരക്ഷകരാകും. കൂവളം, കൂവ, വെള്ള കൊടുവേലി, മുറികൂട്ടി, ഒരില, തിപ്പലി, തഴുതാമ, കറ്റാര്‍വാഴ, ശംഖുപുഷ്പം, ബ്രഹ്മി തുടങ്ങി മുപ്പത്തിയഞ്ച് ഇനത്തിലായ മുന്നോറോളം ഔഷധ ചെടികളാണ് ആദ്യഘട്ടത്തില്‍ ഇവിടെ നട്ടത്. ഔഷധ സസ്യങ്ങളുടെ വേനല്‍ക്കാല സംരക്ഷണം വിദ്യാര്‍ത്ഥികള്‍ ഉറപ്പാക്കും. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നിന്നാണ് അശോക വനത്തിലേക്കായുള്ള ഔഷധ സസ്യങ്ങള്‍ ലഭ്യമാക്കിയത്.
ജില്ലയില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായുള്ള ഔഷധ ഉദ്യാനം കലാലയത്തില്‍ ഒരുങ്ങുന്നത്. 
പദ്മശ്രീ ചെറുവയല്‍രാമന്‍ നവകേരളം ഔഷധ സസ്യ പച്ചത്തുരുത്ത് അശോക വനം ശംഖുപുഷ്പ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രകൃതി ഔഷധങ്ങളുടെ കലവറയാണ്. എല്ലാ അസുഖങ്ങള്‍ക്കും പ്രകൃതിയുടെ കലവറയില്‍ ഔഷധമുണ്ട്. ഇവയെല്ലാം തിരിച്ചറിയുക എന്നതാണ് പ്രാധാന്യം. കാലത്തിന്റെ ചെപ്പുകളില്‍ മൂല്യവത്തായ ഔഷധ സസ്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ആരോഗ്യ ജീവനത്തില്‍ ഈ മരുന്നുകള്‍ക്കുള്ള പ്രാധാന്യം പുതിയ തലമുറകളിലേക്ക് പകരാന്‍ ഈ ഔഷധ സസ്യോദ്യാനം അശോകവനത്തിന് കഴിയുമെന്ന് പദ്മശ്രീ ചെറുവയല്‍ രാമന്‍ പറഞ്ഞു. പദ്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ്ബാബു പദ്ധതി വിശദീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, എന്‍.എം.എസ്.എം ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഷാജി തദ്ദേവൂസ്, എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ വിനോദ് തോമസ്, ഡോ.നീരജ, അസിസ്റ്റന്റ് എഡിറ്റര്‍ ഇ.പി.ജിനീഷ്, ഡോ.അനൂപ് തങ്കച്ചന്‍ , ഹരിതകേരള മിഷന്‍ ഇന്റേണ്‍ അനേക് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 
കോളേജ് ക്ലീന്‍ ഗ്രീന്‍ ക്യാമ്പസ് പദ്ധതിയും ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഹരിതകേരള മിഷന്‍ നടത്തിയ പരിസ്ഥിതി ക്വിസ്സില്‍ കൃഷ്ണ ഷാജി, അനന്യ ടീം ഒന്നാം സ്ഥാനവും സച്ചി രോഹിത് ടീം രണ്ടാം സ്ഥാനവും നേടി. ഇ.സുരേഷ് ബാബു ക്വിസ് മാസ്റ്ററായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *