April 23, 2024

ചൂട്; അഞ്ച് ജില്ലകളിൽ ജാഗ്രത വേണം

0
Img 20230310 Wa0050.jpg
തിരുവനന്തപുരം: സംസ്ഥാനത്തെ ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പുറത്തിറക്കിയ താപസൂചികാ ഭൂപടത്തിൽ അഞ്ച് ജില്ലകൾ അപകട മേഖലയിൽ. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളാണ് അപകടമേഖലയായി പറയുന്നത്. വെയിലത്ത് ഏറെ നേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള ജില്ലകളാണിത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. യഥാർത്ഥ അന്തരീക്ഷ താപനിലയെക്കാൾ കൂടുതലാണ് ഇത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾ സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിലാണ്. ഇവിടെയുള്ളവർ വെയിലത്ത് ഇറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഏറെ നേരം വെയിൽ കൊണ്ടാൽ തളർന്ന് പോകുന്ന 40-45 വിഭാഗത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഇടുക്കി വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30-40 വിഭാഗത്തിലാണ്. ഇടുക്കി തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് ആശ്വാസകരമായ സ്ഥിതിയുള്ളത്. ബാക്കിയെല്ലായിടത്തും താപനില ഉയർന്ന് തന്നെയാണ്. 29ൽ താഴെയാണ് ഇവിടെ താപനില.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാമാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപസൂചികാ ഭൂപടം തയ്യാറാക്കിയത്. കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസ്, അന്തരീക്ഷ ഈർപ്പം 40% എന്നിങ്ങനെയാണങ്കിൽ തന്നെ താപനില 40 കടക്കും. താപനില 37 ഡിഗ്രിയും അന്തരീക്ഷ ഈർപ്പം 50% എന്നാണെങ്കിൽ താപനില 46 ആകും. താപനിലയിലെ നേരിയ വർധന പോലും സ്ഥിതി രൂക്ഷമാക്കുമെന്ന് അർത്ഥം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *