സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ്: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആദ്യമായി വയനാട്ടില്‍

കല്‍പ്പറ്റ: സ്‌കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ്(കെപിഎല്‍) സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ആദ്യമായി വയനാട്ടില്‍. 13 മുതല്‍ 19 വരെ കല്‍പ്പറ്റ ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 13 മുതല്‍ 16 വരെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. 19 നാണ് ഫൈനല്‍. ദിവസവും രാത്രി ഏഴിന് മത്സരം തുടങ്ങും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, വയനാട് യുണൈറ്റഡ് എഫ്‌സി എന്നിവ സംയുക്തമായാണ് മത്സരങ്ങള്‍ക്കു ആതിഥ്യം വഹിക്കുന്നത്.
മത്സരങ്ങളുടെ ഉദ്ഘാടനം 13ന് വൈകുന്നേരം 6.30ന് മുന്‍ ഫുട്‌ബോള്‍ താരവും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനുമായ യു. ഷറഫലി നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം. മധു, കെ. റഫീഖ്, പി.എസ്. പ്രവീണ്‍, സി.കെ. ഷമീം ബക്കര്‍, പി.കെ. അയൂബ് എന്നിവര്‍ അറിയിച്ചു.
മുപ്പതോളം ടീമുകള്‍ പങ്കെടുത്ത കെപിഎല്ലില്‍ ഗോകുലം എഫ്‌സി, കേരള യൂണൈറ്റഡ് എഫ്‌സി, വയനാട് യുണൈറ്റഡ് എഫ്‌സി, കേരള പോലീസ് എന്നിവയാണ് സെമി ഫൈനല്‍ യോഗ്യത നേടിയത്. സെമി ഫൈനലില്‍ എല്ലാ ടീമിനും രണ്ടു കളി ഉണ്ടാകും. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീം സെക്കന്‍ഡ് ഡിവിഷന്‍ ഐ ലീഗിന് യോഗ്യത നേടും.



Leave a Reply