വിദ്യാലയങ്ങളിലെ വിശ്രമമുറി നിര്‍മാണം: കെട്ടടങ്ങാത വിവാദം
കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു വിശ്രമമുറി നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശമനമായില്ല. പദ്ധതി നിര്‍വഹണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും അഴിമതി നടത്തിയെന്നു ഭരണസമിതിയിലെ ഇടത് അംഗങ്ങള്‍ ആരോപിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഇനിയും കെട്ടടങ്ങാത്തത്. പദ്ധതി നടത്തിപ്പില്‍ അഴിമതിയില്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങളും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായി ഭരണസമിതിയിലെ ഇടതു അംഗങ്ങള്‍ ഇന്നലെ രംഗത്തുവന്നു. അഴിമതി മൂടിവയ്ക്കുന്നതിനു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം വ്യാജ രേഖകള്‍ നിര്‍മിച്ചുവെന്ന പുതിയ ആരോപണവും അവര്‍ ഉന്നയിച്ചു. സിപിഐ പ്രതിനിധിയുമായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സിപിഎം അംഗങ്ങളായ സുരേഷ് താളൂര്‍, എന്‍.സി. പ്രസാദ്, എ.എന്‍. സുശീല, ബിന്ദു പ്രകാശ്, സിന്ധു ശ്രീധരന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
19 വിദ്യാലയങ്ങളിലെ വിശ്രമുറി നിര്‍മാണത്തിനു 95 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. വ്യവസായ വകുപ്പിനുകീഴിലുള്ള കാഡ്‌കോയാണ് പ്രവൃത്തി കരാറെടുത്തത്. നിര്‍വഹണ ഉദ്യോഗസ്ഥയായ ഡിഡിഇയും കാഡ്‌കോ റീജിയണല്‍ മാനേജരുമാണ് വിശ്രമമുറി നിര്‍മാണത്തിനു കരാറില്‍ ഏര്‍പ്പെട്ടത്. ഉടമ്പടിയനുസരിച്ച് മാര്‍ച്ച് 31ന് നിര്‍മാണം പൂര്‍ത്തിയാകണം. എന്നാല്‍ എല്ലാ വിദ്യാലയങ്ങളിലും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയായില്ല. എങ്കിലും കരാര്‍ സ്ഥാപനത്തിനു മുഴുവന്‍ പണവും ജില്ലാ പഞ്ചായത്ത് നല്‍കി. മാര്‍ച്ച് നാലിനും 13നും ഇടയില്‍ 14 ബില്ലുകളിലായാണ് തുക കൈമാറിയത്. ഇതിനു പിന്നില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്റെയും സാമ്പത്തിക താത്പര്യങ്ങളാണെന്നു ഭരണസമിതിയിലെ ഇടതു അംഗങ്ങള്‍ പറഞ്ഞു.
ഭരണസമിതിയിലെ ഇടത് അംഗം സുരേഷ് താളൂരിന് ഡിഡിഇ ഓഫീസില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വിദ്യാലയങ്ങളില്‍ വിശ്രമമുറി നിര്‍മാണം ജനുവരി 14ന് തുടങ്ങിയെന്നാണ്. അതേസമയം പദ്ധതി നിര്‍വഹണത്തിനു കാഡ്‌കോയുമായി കരാര്‍ വച്ചത് ജനുവരി 23നാണെന്നാണ് രേഖയില്‍. ഈ വൈരുധ്യം പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കൃത്രിമ രേഖകള്‍ ചമച്ചതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നു ഇടത് അംഗങ്ങള്‍ ആരോപിച്ചു.
2019ല സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദനീയമായതിനാലാണ് പ്രവൃത്തി പൂര്‍ത്തിയാകുംമുമ്പ് കാരാര്‍ സ്ഥാപനത്തിനു മുഴുവന്‍ തുകയും നല്‍കിയതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ന്യായീകരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കുന്നത് ചട്ടവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന ഉത്തരവുകള്‍ 2021ലും 2022ലും ധനവകുപ്പ് ഇറക്കിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ബോധ്യമില്ലാത്തതു വിചിത്രമാണെന്നും ഇടതു അംഗങ്ങള്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ കരാര്‍ സ്ഥാപനം എത്തിച്ച ഫര്‍ണിച്ചറിന്റെ ഗുണനിലവാരം ജില്ലാ പഞ്ചായത്ത് എന്‍ജിനിയര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ-സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും രാജിവയ്ക്കുക, വിദ്യാലയങ്ങളില്‍ എത്തിച്ച ഗുണമേന്‍മ കുറഞ്ഞ സാമഗ്രികള്‍ കണ്ടെത്തുന്നതിനു വിദഗ്ധസമിതിയെ നിയോഗിക്കുക, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ക്ലാര്‍ക്കിന്റെയും പേരില്‍ നടപടി സ്വീകരിക്കുക, പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളും ഇടത് അംഗങ്ങള്‍ ഉന്നയിച്ചു.





Leave a Reply