കനത്ത മഴയിൽ തേക്ക് മരം കടപുഴകി വീണ് വീട് പൂർണ്ണമായും തകർന്നു :രണ്ട് പേർക്ക് നിസ്സാര പരിക്ക്

കാക്കവയൽ: കനത്ത മഴയിൽ വീട് തകർന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു. കാക്കവയൽ തെനേരി പുറായിൽ കരീമിൻ്റെ വീടാണ് വൈകുന്നേരമുണ്ടായ കനത്ത മഴയിൽ തേക്ക് മരം കടപുഴകി വീണ് പൂർണ്ണമായും തകർന്നത്. കൂലിപ്പണിക്കാരനായ പുറായിൽ കരീമിൻ്റെ ഏക സമ്പാദ്യമായ വീടാണ് ഇന്ന് മൂന്ന് മണിയോടെയുണ്ടായ കനത്ത മഴയിൽ തകർന്ന് പോയത്.ഓട്ടിൻ കഷണങ്ങൾ തലയിൽ വീണ് വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. കരീമും ഭാര്യയുമടക്കം അഞ്ച് പേർ വീട്ടിലുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.വീട്ടു സാധനങ്ങൾക്കും കാര്യമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.നിത്യ വൃഷ്ടിക്ക് കൂലിപ്പണിയെ ആശ്രയിക്കുന്ന കരീമിനും കുടുംബത്തിനും വീടിൻ്റെ അറ്റകുറ്റപ്പണിയെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. വീട്ടു സാധനങ്ങളും വീടും നഷ്ടമായ സാഹചര്യത്തിൽ നഷ്ട പരിഹാരം അടിയന്തിരമായി ലഭ്യമാക്കണമെന്നാണ് കരീമും കുടുംബവും ആവശ്യപ്പെടുന്നത്. വില്ലേജ് ഓഫിസറെയും വാർഡ് മെമ്പറെയും വിവരമറിയിച്ചിട്ടുണ്ട്.
ആളുകൾ തിങ്ങിപ്പാർക്കുന്ന ഭാഗത്ത് നിരവധി വീടുകൾക്ക് ഭീഷണിയായി ഇനിയും വലിയ ഒരു ഈട്ടിമരം കൂടിയുണ്ട്. അടിയന്തിരമായി അതും മുറിച്ച് മാറ്റിയില്ലെങ്കിൽ ഇനിയും വൻ ദുരന്തത്തിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.



Leave a Reply