പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുകേസില്‍ കെ.കെ. ഏബ്രഹാമിന് ജാമ്യം
കല്‍പ്പറ്റ:പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും രാജിവച്ച കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ഏബ്രഹാമിന് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടു കേസുകളാണ് അബ്രഹാമിനെതിരേ പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ രേഖകള്‍ ചമച്ച് തങ്ങളുടെ പേരില്‍ വായ്പയെടുത്ത് കബളിപ്പിച്ചുവെന്ന പുല്‍പ്പള്ളി കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയിലാണ് ഒരു കേസ്. കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ കിഴക്കേഇടയിലത്ത് രാജേന്ദ്രന്‍ നായരെ ആത്മഹത്യക്കു പ്രേരിപ്പിച്ചെന്നാണ് രണ്ടാത്തെ കേസ്. ഇതില്‍ ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റത്തിനുള്ള കേസില്‍ ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു. ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും(രണ്ട്) ജില്ലാ കോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്നാണ് ഏബ്രഹാം ഹൈക്കോടതിയെ സമീപിച്ചത്.





Leave a Reply