ഇലക്ട്രിക് ഓട്ടോകളുടെ കടന്നു കയറ്റം: വൈത്തിരിയിലെ ഓട്ടോറിക്ഷകൾ കട്ടപ്പുകയിൽ
വൈത്തിരി: സംസ്ഥാനത്തെവിടെയും ഓടിക്കാൻ പെർമിറ്റുള്ള ഇലക്ട്രിക് ഓട്ടോകളുടെ വർദ്ധനവ് പാർക്കിംഗ് ഓട്ടോറിക്ഷക്കാരുടെ വയറ്റത്തടിക്കുന്നു. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെവിടെയും ട്രിപ്പ് നടത്താനുള്ള പെർമിറ്റ് നൽകുന്നത്. നേരത്തെ തന്നെ ആവശ്യത്തിന് ഓട്ടം കിട്ടാത്ത അവസ്ഥ സംജാതമായപ്പോൾ ഓട്ടോതൊഴിലാളികളുടെ അഭ്യർത്ഥന മാനിച്ചു ഗ്രാമപഞ്ചായത്ത് മോട്ടോർ വാഹന വകുപ്പുമായി ചർച്ച ചെയ്ത ശേഷം പുതിയ പെർമിറ്റ് നൽകുന്നത് വർഷങ്ങൾക്ക് മുന്നേ നിറുത്തിവെച്ചതാണ്. വൈത്തിരിയിലെ ആവശ്യത്തിനുള്ള പാർക്കിംഗ് സ്ഥലം ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെടുത്തത്. പ്രളയവും കോവിഡ് ദുരന്തവും കഴിഞ്ഞു ഓട്ടോക്കാർക്ക് വേണ്ടത്ര സർവ്വീസ് കിട്ടാതെ വിഷമിക്കുന്നതിനിടയിലാണ് ഇലക്ട്രിക് ഓട്ടോകളുടെ വരവ്. കൂനിന്മേൽ കുരുവെന്ന പോലെ വൈത്തിരിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഇപ്പോൾ ഏറെ പ്രയാസപ്പെടുകയാണ്. ഈ പ്രതിസന്ധിയിൽ കരകയറുവാൻ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓട്ടോ-ടാക്സി കോ ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകിയിരിക്കുകയാണ്. ഇലക്ട്രിക് ഓട്ടോകളുടെ വർദ്ധനവ് ഇപ്പോൾ അനുവദിക്കപ്പെട്ട സ്റ്റാന്റുകളിൽ പാർക്കിങ്ങിനെയും ബാധിച്ചിട്ടുണ്ട്.കോ ഓർഡിനേഷൻ കമ്മിറ്റിക്കുവേണ്ടി കെ. അസീസ്, വിജേഷ് മുള്ളൻപാറ, ഹംസ, ഷാനിദ് ടി കെ, കൃഷ്ണൻ, ശംസുദ്ധീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.






Leave a Reply