വയോധികയുടെ മരണം ; കൊലപാതകമെന്ന് പോലീസ്
മാനന്തവാടി:
തോല്‍പ്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ സുമിത്രയെ വീട്ടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മകന്‍ ബാബുവാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
അമ്മ തലയടിച്ച് വീണതായി കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ബാബു പോലീസില്‍ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് കൂടുതല്‍ അന്വേഷിക്കുകയായിരുന്നു. തലയ്ക്കുള്ള ക്ഷതവും കഴുത്തിനേറ്റ പരിക്കുമാണ് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുമിത്രയുടെ മകളുടെ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്.
Leave a Reply