വയനാട് നാളികേര ഉത്പാദക കമ്പനി ഷെയർ സംഖ്യകൾ തിരിച്ചു നൽകുന്നു
പുൽപ്പള്ളി : വയനാട് നാളികേര ഉത്പാദക കമ്പനി തെങ്ങ് കർഷകരിൽ നിന്നും വാങ്ങിയ ഷെയർ സംഖ്യകൾ തിരിച്ചു നൽകുവാൻ തീരുമാനിച്ചതായി കമ്പനി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 3000 -ത്തോളം കർഷകരിൽ നിന്നായി 1000 രൂപ വീതമാണ് കമ്പനി ഷെയർ ആയി പിരിച്ചെടുത്തത്. നീര ഉത്പാദനം, വെളിച്ചെണ്ണ, മറ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായാണ് 2015 -ൽ കമ്പനി രൂപീകരിച്ചത്. വയനാട്ടിലെ 162 സി.പി.എസ്സുകൾ ഉൾപ്പെടുന്ന 9 ഫെഡറേഷൻ ചേർന്നാണ് കമ്പനി രൂപീകരിച്ചത് നാളികേര വികസന ബോർഡിന്റെ സഹായത്തോടെ എട്ടുകോടി രൂപയുടെ സഹായങ്ങൾ ഇക്കാലയളവിൽ കർഷകർക്ക് ലഭ്യമാക്കുവാൻ കമ്പനിക്ക് സാധിച്ചു. തെങ്ങ് കൃഷിയിലെ നൂതന സാങ്കേതിക വിദ്യകൾ, ശാസ്ത്രീയ പരിപാലനം എന്നിവയിൽ കർഷകർക്ക് ബോധവൽക്കരണം തുടങ്ങിയവ കമ്പനി നടത്തി. കേടായ തെങ്ങുകൾ വെട്ടിമാറ്റൽ, പുതിയ തൈകൾ നട്ടു പരിപാലിക്കാൻ സാമ്പത്തിക സഹായം, അത്യുത്പാദന ശേഷിയുള്ള തെങ്ങിൻ തൈകളുടെ വിതരണം തുടങ്ങിയവ നാളികേര വികസന ബോർഡിന്റെ സഹായത്തോടെ കമ്പനി നടപ്പാക്കി. ഗുണമേന്മയുള്ള തെങ്ങിൻതൈകൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി കമ്പനി നഴ്സറി ആരംഭിക്കുകയും വിവിധ പദ്ധതികളിലൂടെ സബ്സിഡി നിരക്കിൽ രണ്ടു ലക്ഷത്തോളം തെങ്ങിൻതൈകൾ കമ്പനി കർഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു .എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമ്പനിക്ക് സർക്കാർ, ബോർഡ് മുഖേന ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മുന്നോട്ടുള്ള പ്രവർത്തനം സാധ്യമാകാത്ത സാഹചര്യത്തിലാണ് കർഷകരുടെ ഷെയർ സംഖ്യകൾ തിരിച്ചുനൽകുവാൻ കമ്പനി തീരുമാനിച്ചത്. മാനന്തവാടി കേന്ദ്രീകരിച്ച് കമ്പനി നടത്തിയ നീര ഉത്പാദനവും, തെങ്ങിൻതൈ ഉത്പാദന നഴ്സറിയും നഷ്ടമാവുകയും കർഷകർക്ക് സഹായങ്ങൾ നൽകുവാൻ സാധിക്കാത്തതിനാലും കമ്പനിയുടെ പ്രസക്തി നഷ്ടമായ സാഹചര്യത്തിലാണ് കമ്പനി പിരിച്ചുവിടുവാൻ തീരുമാനിച്ചത്. കമ്പനി ഷെയർ ഉടമകൾ അവരുടെ ഷെയർ സർട്ടിഫിക്കറ്റുകൾ സി. പി. എസ്. ഭാരവാഹികളെ ഏൽപ്പിക്കുകയും ഇവ ലഭ്യമാകുന്ന ക്രമത്തിൽ ഫെഡറേഷനുകൾ മുഖേന ഷെയർ സംഖ്യകൾ വിതരണം ചെയ്യുന്നതും ആണ്.കമ്പനിയുടെ 2023 -ലെ ഓഡിറ്റ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഷെയർ സംഖ്യകൾ കർഷകർക്ക് മടക്കി നൽകുന്നതാണ്. 2023 നവംബർ 30 – നകം എല്ലാ ഷെയർ ഉടമകൾക്കും ഷെയർ സംഖ്യ ലഭ്യമാകുന്നതാണ്. കമ്പനി പിരിച്ചുവിടുകയാണെങ്കിലും ഫെഡറേഷനുകളും സി.പി.എസുകളും രജിസ്ട്രേഷൻ പുതുക്കി നിലനിൽക്കുന്നതാണ്. കമ്പനി ചെയർമാൻ സെബാസ്റ്റ്യൻ വെള്ളാ കുഴി, വൈസ് ചെയർമാൻ ബാബു നമ്പുടാകം, ബോർഡ് അംഗങ്ങളായ വർക്കി മാവറ,തോമസ് പാഴൂക്കാല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.






Leave a Reply